എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി, തിരുമംഗലം വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയാണ്. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എസ്. അരുണ്‍കുമാര്‍. ശബരിമല മേല്‍ശാന്തി പട്ടികയില്‍ ആറ് തവണ ഉള്‍പ്പെട്ടിട്ടുണ്ട്.
രാവിലെ 7.30യോടെയാണ് ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ആണ് ശബരിമല മേല്‍ശാന്തിയുടെ നറുക്ക് എടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി വൈഷ്ണവി മാളികപ്പുറത്തെ മേല്‍ശാന്തിയുടെ നറുക്ക് എടുത്തു. 15 പേരാണ് മാളികപ്പുറം മേല്‍ശാന്തി അന്തിമ പട്ടികയിലുണ്ടായിരുന്നത്.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാര്‍, ജി.സുന്ദരേശന്‍, സ്‌പെഷല്‍ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആര്‍.ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
തുലാമാസ പൂജകള്‍ക്കായി ബുധനാഴ്ചയാണ് ശബരിമല നട തുറന്നത്. 21 ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബര്‍ 15 നാണ് പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page