നിർത്തിയിട്ട ചരക്കു ട്രെയിനിൽ മൈസൂരു– ദർഭം​ഗ ബാ​ഗ്മതി എക്സ്പ്രസ് ഇടിച്ചുകയറി; നാലുപേരുടെ നില ഗുരുതരം, മൂന്നു കോച്ചുകൾക്ക് തീപിടിച്ചു

ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു–- ദർഭം​ഗ ബാ​ഗ്മതി എക്സ്പ്രസ് ഇടിച്ചുകയറി. ബാ​ഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി. പാഴ്സൽ ബോ​ഗിക്ക് തീപിടിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ലോക്കോപൈലറ്റ് അടക്കമുള്ള ജീവനക്കാരും സുരക്ഷിതരാണെന്നും റെയിൽവെ അറിയിച്ചു. വെള്ളി രാത്രി 8.30ഓടെയാണ്‌ അപകടം. സി​​ഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ആകെ 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കി. 28 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. റെയിൽവെയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് കടുത്ത വിമർശനമുയർന്നതിനിടെയാണ് സി​ഗ്നൽ പിഴവിനെതുടർന്നുള്ള ഈ അപകടം. ശനിയാഴ്ച ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു. അപകടത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page