മോദി പ്രഭാവം; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ വസതിയിലെത്തി അംഗത്വം നല്‍കി. കേരള കേഡറിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശീലേഖ കേരള ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ രണ്ടു വര്‍ഷം മുന്‍പാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. ബിജെപിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശ്രീലേഖയുമായി ബന്ധുപ്പെട്ടുവരികയായിരുന്നു. ഒടുവിലാണ് പാര്‍ട്ടിപ്രവേശനത്തിന് തീരുമാനിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാമെന്നും തല്‍ക്കാലം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍വീസില്‍ ഇരുന്നപ്പോള്‍ താന്‍ നിഷ്പക്ഷയായ ഉദ്യോഗസ്ഥയായിരുന്നു. ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിരുന്നില്ല. റിട്ടയര്‍മെന്റിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മോദി പ്രഭാവം തന്നെയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്നും അംഗത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞു. രണ്ടു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പും ഒരു വര്‍ഷത്തിനകം തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ശ്രീലേഖയുടെ ബിജെപി പ്രവേശം. തിരുവനന്തപുരം സ്വദേശിയാണ് ശ്രീലേഖ. ബിജെപി നേതാവ് വി.വി. രാജേഷ് അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ ഡിജിപിമാരായ ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരും സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെങ്കിലും സംഘപരിവാര്‍ വിവിധ പരിപാടികളില്‍ സജീവ സാന്നിധ്യമാണ് സെന്‍കുമാര്‍. ഒരുഘട്ടത്തില്‍ സെന്‍കുമാര്‍ ബിജെപിക്കായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തില്‍നിന്ന് ജേക്കബ് തോമസ് മത്സരിച്ചെങ്കിലും 33,685 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page