-പി പി ചെറിയാന്‍
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയ ജയിലില്‍ കൊലക്കേസ് പ്രതിയെ ജയിലിലെ മറ്റ് തടവുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
ഇംപീരിയല്‍ കൗണ്ടിയിലെ കാലിപാട്രിയ സ്റ്റേറ്റ് ജയില്‍ യാര്‍ഡിലാണ് ആല്‍ബെര്‍ട്ടോ മാര്‍ട്ടിനെസ് (46) എന്ന കൊലക്കേസ് പ്രതിയെ മറ്റു തടവുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നു അറിയിപ്പില്‍ പറഞ്ഞു.
തടവുകാരായ ജോര്‍ജ്ജ് ഡി. നെഗ്രെറ്റ്, ലാരിയോസ്, ലൂയിസ് ജെ ബെല്‍ട്രാന്‍, ടൈലര്‍ എ. ലുവ എന്നിവര്‍ മാര്‍ട്ടിനെസിനെ അടിക്കുകയും നിലത്ത് ഇടിക്കുകയും കൂട്ടമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്ഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാര്‍ട്ടിനെസിന് തടവുകാര്‍ നിര്‍മ്മിച്ച ആയുധമുപയോഗിച്ചുണ്ടാക്കിയ മുറിവുകള്‍ ഉണ്ടെന്നും ആക്രമണം നടന്ന സ്ഥലത്ത് നിന്നു അത്തരം രണ്ട് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.
മെഡിക്കല്‍ സ്റ്റാഫ് മാര്‍ട്ടിനെസിനെ ചികിത്സിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. മരണ കാരണം ജയില്‍ അധികൃതര്‍ അന്വേഷിക്കുന്നു.
ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 2010ലാണ് മാര്‍ട്ടിനെസ് വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ടത്.