ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന വിഷ്ണുവാണ് വിവരം നാട്ടില്‍ അറിയിച്ചത്. മലമുകളിലുള്ള ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ സഹായമെത്തിക്കാനും ആശയവിനിമയം നടത്താനും വൈദ്യസഹായം നല്‍കാനും പ്രയാസം നേരിട്ടത് വെല്ലുവിളിയായി. മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസും സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന് ജില്ല അധികൃതര്‍ അറിയിച്ചു.
പിതാവും സഹോദരനും സഹോദരിയുമാണ് അമലിനുള്ളത്. മാതാവ് നേരത്തേ മരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page