കാസര്‍കോട്: ചെറുവത്തൂര്‍, ഞാണങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന തിമിരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടു ലക്ഷം രൂപ തട്ടാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍. ചീമേനി, പെട്ടിക്കുണ്ടിലെ രാജേഷ് (36), കാക്കടവ് സ്വദേശിയും പെട്ടിക്കുണ്ടില്‍ താമസക്കാരനുമായ അഷ്‌റഫ് (36) എന്നിവരെയാണ് ചീമേനി പൊലീസ് അറസ്റ്റു ചെയ്തത്.
ശനിയാഴ്ചയാണ് സംഭവം. ബാങ്കിന്റെ ഇടപാട് സമയം തീരാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നാലു വളകളുമായിട്ടാണ് രാജേഷ് ബാങ്കിലെത്തിയത്. രണ്ടും ലക്ഷം രൂപയാണ് വായ്പയായി ആവശ്യപ്പെട്ടത്. പണയ നടപടികളുടെ ഭാഗമായി സ്വര്‍ണ്ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു മനസ്സിലായത്. രാജേഷിനെ തടഞ്ഞു വച്ചു ചോദിച്ചപ്പോള്‍ തനിക്ക് ആഭരണങ്ങള്‍ നല്‍കിയത് അഷ്‌റഫാണെന്നു പറഞ്ഞു. തുടര്‍ന്ന് ഇയാളെയും ബാങ്കിലേയ്ക്ക് വിളിപ്പിച്ചു. അഷ്‌റഫ് ബാങ്കിലെത്തി തനിക്ക് ആഭരണങ്ങള്‍ നല്‍കിയത് മറ്റൊരാളാണെന്നു വ്യക്തമാക്കി. ഇതോടെ ബാങ്ക് അധികൃതര്‍ ചീമേനി പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇരുവരെയും അറസ്റ്റു ചെയ്തു.