സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്തെ 24 കാരൻ മരിച്ചത് നിപ മൂലം, പുണെ വൈറോളജി ലാബിലെ ഫലം പോസിറ്റീവ്, അഞ്ച് പേർ നിരീക്ഷണത്തിൽ, സമ്പർക്ക പട്ടികയിൽ 151 പേർ

 

വണ്ടൂർ: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. ഇന്നാണ് നിപ സ്ഥിരീകരണം. പുണെ വൈറോളജി ലാബിൽ നിന്നും പുറത്തുവന്നത്. ബംഗളൂരുവിൽ നിന്ന് പനി ബാധിച്ചു ചികിത്സ തേടിയ വിദ്യാർത്ഥിക്കാണ് നിപ രോഗം സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പ് പനിബാധിച്ച് ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ശനിയാഴ്ച രാത്രിയിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതലയോഗം ചേർന്നു. പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. പ്രോട്ടോകോൾ പ്രകാരമുള്ള 16 കമ്മിറ്റികൾ രൂപീകരിച്ചു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. നാലു സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഐസൊലേഷനിലുള്ള 5 പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page