സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

 

ന്യൂഡല്‍ഹി: സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി.
1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരിയുടെ ജനനം. പിതാവ് സര്‍വേശ്വര സോമയാജുല യെച്ചൂരിയും മാതാവ് കല്‍പകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കൂളിലായിരുന്നു യെച്ചൂരിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ചേര്‍ന്ന അദ്ദേഹം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് ബി.എ ഇക്കണോമിക്‌സില്‍ (ഓണേഴ്സ്) ബിരുദം നേടി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ പൂര്‍ത്തിയാക്കി. പി.എച്ച്.ഡിയ്ക്കും ജെ.എന്‍.യുവില്‍ ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിന്റെ അറസ്റ്റോടെ അത് പൂര്‍ത്തിയാക്കാനായിരുന്നില്ല. യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്.
എസ്എഫ്‌ഐയിലൂടെയാണ് സീതാറാം യെച്ചൂരി രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ (ജെ.എന്‍.യു) വിദ്യാര്‍ത്ഥിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. 1975ല്‍ സിപിഎം അംഗമായ യെച്ചൂരി 1984-ല്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992-ലെ പതിനാലാം കോണ്‍ഗ്രസിലാണ് അദ്ദേഹം പൊളിറ്റ് ബ്യൂറോയിലേക്ക് വരുന്നത്. കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചാണ് അദ്ദേഹം മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായത്. ദി വയറിന്റെ എഡിറ്ററും മുമ്പ് ബിബിസി ഹിന്ദി ദില്ലി എഡിറ്ററുമായ സീമ ചിസ്തിയെയാണ് യെച്ചൂരിയുടെ ഭാര്യ. മകള്‍ അഖില യെച്ചൂരി. മകന്‍ ആശിഷ് യെച്ചൂരി 2021 ഏപ്രില്‍ 22-ന് കൊവിഡ്-19 ബാധിച്ച് മരിച്ചു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page