കാസർകോട്: പഴയ സ്വർണ ഇടപാടിൽ കർണാടകയിൽ പണം നഷ്ടപ്പെട്ടു. ഇതിന് പ്രതികാരമായി ഏഴംഗ സംഘം ഇടനിലക്കാരെ തട്ടിക്കൊണ്ടു വന്ന് പെരിയാട്ടടുക്കത്ത് രഹസ്യകേന്ദ്രത്തിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു. വിവരമറിഞ്ഞ ബേക്കൽ പൊലീസ് രണ്ടു പേരെയും നാടകീയമായി രക്ഷിച്ചു. ആറ് പേരെ അറസ്റ്റു ചെയ്തു. ഒരാൾ ഒളിവിൽ. നീലേശ്വരം കോട്ടപ്പുറത്തെ ഷെരീഫ് ഇടക്കാവിൽ (40), കോട്ടയം കാഞ്ഞിരപ്പള്ളി 26 -ാം മൈലിലെ ടി.എം. സജി (40)എന്നിവരെയാണ് ബേക്കൽ പൊലീസ് രക്ഷിച്ചത്. പാലക്കാട് ശ്രീകൃഷ്ണപുരം കലസിയിൽ വീട്ടിൽ വി അജയകുമാർ (36), പനയയാലിലെ കെ.എച്ച്. സൽമാൻ ഫാരിസ് (22), നെല്ലിക്കട്ട ഗ്രീൻ നഗർ ഷർമിള മൻസിലിലെ ഹംസത്തുൽ കരാർ (എ. ജെ. ഹംസ-23) , നെല്ലിക്കെട്ട നെക്ക്രാജെ ജിലാനി ഹൗസിലെ എ.എച്ച്. മാജിദ്( 23), നെല്ലിക്കട്ട മഷറാ മൻസിലിലെ എം. മുഹമ്മദ് അഷ്റഫ് (26), പനയാൽ ചെരുമ്പ റിഫായി ക്വാർട്ടേഴ്സിലെ സി. എച്ച്. മുഹമ്മദ് റഷീദ്( 35) എന്നിവരെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഒരാൾ കൂടി ഇനി പിടികൂടാൻ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കർണാടകയിൽ പഴയ സ്വർണ ഇടപാടിൽ ഷെരീഫും, സജിയും ഇടനിലക്കാരായി കർണാടകയിലെ ബെളഗാവിയിൽ പോയിരുന്നു. അവിടെ വെച്ച് കേരളത്തിൽ നിന്ന് പോയവരുടെ ഏഴ് ലക്ഷം രൂപ കർണാടകയിലെ സംഘം കബളിപ്പിച്ചിരുന്നു. ആ പണം തിരിച്ചു പിടിക്കാൻ ഇടനിലക്കാരെ തട്ടികൊണ്ടുവന്ന് മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു വെന്നുമാണ് പൊലീസ് പറയുന്നത്. പണം നഷ്ടപ്പെട്ട് ളഗാവിയിൽ നിന്നും ബസിൽ മംഗളൂരുവിൽ തിരിച്ചെത്തിയ സംഘത്തിനൊപ്പം കൂടുതൽ ആളുകൾ ഇരുവരെയും കാറിൽ തട്ടികൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദേശീയ പാത പെരിയാട്ടടുക്കം ടയർ കടയുടെ സമീപമുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള മുറയിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ആണ് സംഘം എത്തിയത്. പിന്നീട് രണ്ടുപേരെയും ക്രൂരമായി മർദ്ദിച്ചു. ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. തങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനൽകിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതിനിടെ ശനിയാഴ്ച വൈകുന്നേരം ബേക്കൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.ഐ. ബാവ അക്കരക്കാരനും സംഘവും പെരിയാട്ടടുക്കത്ത് എത്തി വൈകുന്നേരം അഞ്ച് മണിയോടെ ഇവരെ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് ആറുപേരെ അറസ്റ്റ് ചെയ്തു. ഇരുവരേയും ഉദുമ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ആറ് പ്രതികളെയും ഹോസ്ദുർഗ് ജുഡീഷ്യല് ഒന്നാം ക്ലാസ് കോടതി(2) റിമാൻഡ് ചെയ്തു. പാലക്കാട് നെന്മാറ പൊലീസ് അജയന്റെ പേരിൽ നേരത്തെ രണ്ട് കേസ് എടുത്തിട്ടുണ്ടെന്ന് ബേക്കൽ ഇൻസ്പെക്ടർ പറഞ്ഞു. ബേക്കൽ ഡിവൈ.എസ്.പി വിവി മനോജിൻ്റെ നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ കെ.പി ഷൈനിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ബാവ അക്കരക്കാരൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, അനിൽകുമാർ, ഡ്രൈവർ സജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.







