നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കാത്ത പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്തത് 10 ലക്ഷം രൂപ; അസം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

 

കാസർകോട്: നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കാത്ത കാസർകോട് സ്വദേശിയുടെ എൻ ആർ ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത സംഭവത്തിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. ആഷിക്കുൾ ഇസ്ലാം (19), ഫോയിജുൽ ഹക്ക് (41) എന്നിവരെയാണ് കാസർകോട് ടൗൺ ഇൻസ്പെക്ടർ നളിനാക്ഷൻ്റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടിയത്. അസം സ്വദേശിയായ മറ്റൊരു പ്രതി നിലവിൽ ഒളിവിലാണ്. 2023 ഏപ്രില്‍ ഒന്നിനും 2024 ജൂണ്‍ 30-നും ഇടയ്ക്ക് പല തവണകളായാണ് അക്കൗണ്ട് ഉടമ അറിയാതെ പണം ഓണ്‍ലൈനായി പിൻവലിച്ചത്. ഫോണ്‍ പോലും ഉപയോഗിക്കാത്ത പ്രവാസിയുടെ പണം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി എങ്ങനെ പിന്‍വലിച്ചുവെന്നത് പൊലീസിനെ കുഴക്കിയിരുന്നു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രവാസിയുടെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൻ്റെ ഓൺലൈൻ ഇടപാടുകൾ നടന്നത് മലപ്പുറം, തൃശൂർ ജില്ലകളിൽ വെച്ചും അസമിലെ നാഗോൺ ജില്ലയിൽ വെച്ചുമാണെന്നു മനസ്സിലാക്കി. പിന്നീട് അന്വേഷണ സംഘം അസമിൽ പോയി നടത്തിയ പഴുതടച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അസമിലെ മോറിഗോൺ ജില്ലയിൽ ഉള്ളവരാണെന്നു കണ്ടെത്തി. മൂന്ന് പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി. പിന്നീട് അസം പൊലിസിൻ്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പ്രതികൾ നിലവിൽ അവിടെയില്ലെന്ന് മനസ്സിലാവുകയും, പ്രതികളുടെ താമസസ്ഥലത്ത് നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കേരളത്തിലേക്ക് കടന്നു കളഞ്ഞതായും വ്യക്തമായി. പിന്നീട് മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ അസം സ്വദേശികളായ രണ്ടുപേരെ ഇൻസ്പെക്ടർ നളിനാക്ഷൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി. സബ് ഇൻസ്പെക്ടർ റുമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രശേഖരൻ, സതീശൻ പി, പി വി ലിനീഷ്, കെ ടി അനിൽ, ശ്രീജേഷ്, കെ എം സുനിൽ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page