അടുത്ത മന്ത്രത്തിലും ഈ ആശയം തന്നെ തുടരുകയാണ്. അതില്‍ ഗുരു പറയുന്നു, ശരീരമാകുന്ന അങ്കുരം ഉണ്ടായിട്ടുള്ളത് അന്നത്തില്‍ നിന്നാണെങ്കില്‍, അതിന്റെ മൂലകാരണമായ അപ്പിനെയും അപ്പിന്റെ കാരണമായ തേജസ്സിനെയും തേജസ്സിന്റെയും കാരണമായ ആത്മസത്തയെ അറിയേണ്ടതാണ്. ശരീരം, മാംസം, അസ്ഥിമജ്ജ, രക്തം, മലം, മൂത്രം, രേതസ്സ് എന്നീ സപ്ത ധാതുക്കള്‍ ചേര്‍ന്നതാണ്. ഈ സപ്തധാതുക്കളും ഉണ്ടായിരിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന ജലത്തില്‍ നിന്നുമാണ്. അങ്ങനെ വരുമ്പോള്‍ അന്നവും ജലവുമാണ് ഈ ശരീരമാകുന്ന കാര്യത്തിന്റെ കാരണം. ഇങ്ങനെ കാര്യങ്ങളുടെ കാരണമന്വേഷിച്ചാല്‍ എത്തിച്ചേരുക എല്ലാത്തിന്റെയും പരമകാരണമായ പരമാത്മാവിലാണ്. അഞ്ചാം മന്ത്രത്തിലും ഈ ആശയത്തിന്റെ തുടര്‍ച്ചയാണ്. നാം ജലം പാനം ചെയ്യാനാഗ്രഹിക്കുന്നു എന്നു പറയുമ്പോള്‍ മനസ്സിലാക്കേണ്ടത്, മുമ്പു കുടിച്ച ജലം തേജസ്സിനാല്‍ ശോഷിപ്പിച്ചു എന്നാണ്. അതുകൊണ്ട് ഗോക്കളെ നയിക്കുന്നവനെ ഗോനായന്‍ എന്നും അശ്വങ്ങളെ നയിക്കുന്നവനെ അശ്വനായന്‍ എന്നും പുരുഷന്മാരെ നയിക്കുന്നവനെ പുരുഷനായന്‍ എന്നും പറയുന്നതു പോലെ തേജസ്സിനെ ഉദന്യ എന്നും പറയുന്നു. അല്ലയോ സൗമ്യ, അതുകൊണ്ട് (തേജസ്സിനെ) ഈ ശരീരം നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കുക. ഇത് മൂലമില്ലാത്തതായിരിക്കുകയില്ല.
ശരീരത്തിലുള്ള ഊഷ്മാവാണ്, കുടിക്കുന്ന ജലത്തെ രക്തം മുതലായവയാക്കി പരിണമിപ്പിച്ച് ശോഷിപ്പിക്കുന്നത്. ജലം ഇങ്ങനെ ശോഷിക്കുമ്പോഴാണ് നമുക്ക് ദാഹമുണ്ടാകുന്നതും വീണ്ടും ജലം കുടിക്കണമെന്ന് ആഗ്രഹമുണ്ടാകുന്നതും. ഉദകത്തെ നയിക്കുന്നത് തേജസ്സാണെന്നുള്ളതു കൊണ്ടാണ് തേജസ്സിനെ ഉദന്യം എന്ന് ഈ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അന്നം ഉണ്ടാകാനും നിലനില്‍ക്കാനും കാരണം അപ്പുകളാണെന്നും അപ്പുകള്‍ക്ക് കാരണമായിരിക്കുന്നത് തേജസ്സാണെന്നുമാണ് ഇതുകൊണ്ട് സമര്‍ത്ഥിക്കുന്നത്.
(തുടരും)
