ജീവകാരുണ്യ പ്രവര്‍ത്തകനെ ഹണിട്രാപ്പില്‍പ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസ്; ഒളിവില്‍ കഴിഞ്ഞ ചെമ്മനാട് സ്വദേശി ഒടുവില്‍ ജയിലില്‍

കാസര്‍കോട്: 59കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി നഗ്നചിത്രം എടുത്ത ശേഷം 5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ചെമ്മനാട് സ്വദേശി ഒടുവില്‍ പൊലീസ് വലയില്‍ കുരുങ്ങി. ചെമ്മനാട്, മുണ്ടാങ്കുളത്തെ സയ്യിദ് റഫീഖി(33)നെയാണ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കേസില്‍ രണ്ടു സ്ത്രീകളടക്കം ഏഴു പേരെ ജനുവരി മാസത്തില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഉദുമ, മാങ്ങാട്, സ്വദേശിയില്‍ നിന്നാണ് സംഘം അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. നേരത്തെ അറസ്റ്റിലായ കുറ്റിക്കാട്ടൂരിലെ എം.പി റുബീന (29) പാവപ്പെട്ട വിദ്യാര്‍ത്ഥിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ പരാതിക്കാരനെ ചതിയില്‍പ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. പഠന ആവശ്യത്തിനു ലാപ്‌ടോപ്പ് വാങ്ങുവാന്‍ എന്നു പറഞ്ഞ് മംഗ്‌ളൂരുവിലെ ഹോട്ടലില്‍ എത്തിച്ച ശേഷമാണ് ഹണിട്രാപ്പില്‍പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. നഗ്നചിത്രം എടുത്ത ശേഷം സംഘാംഗങ്ങളായ മറ്റുള്ളവര്‍ക്കൊപ്പം പരാതിക്കാരനെ നീലേശ്വരം, പടന്നക്കാട്ടെ ഒരു വീട്ടിലെത്തിച്ച് സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കൃത്യത്തിനു ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് റഫീഖ് ആയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page