ചെര്‍ക്കളയിലെ കള്ളനോട്ടടി കേന്ദ്രത്തില്‍ പ്രസ് ഉടമയെ എത്തിച്ച് തെളിവെടുപ്പ്;കമ്പ്യൂട്ടറും പ്രിന്ററും മഷി പതിയാത്ത നോട്ടുകളും കണ്ടെടുത്തു, നോട്ടടി തുടങ്ങിയത് മൂന്നു മാസം മുമ്പെന്ന് സൂചന

കാസര്‍കോട്: മംഗ്‌ളൂരുവില്‍ അറസ്റ്റിലായ കള്ളനോട്ടു സംഘം കള്ളനോട്ടുകള്‍ അച്ചടിച്ച ചെര്‍ക്കളയിലെ പ്രസില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. ചെര്‍ക്കളയിലെ ശ്രീലിപി പ്രസിലാണ് മംഗ്‌ളൂരു സൈബര്‍ ഇക്കണോമിക്‌സ് ആന്റ് നാര്‍ക്കോട്ടിക് പൊലീസ് എസ്.ഐ കൃഷ്ണ ബായാറും സംഘവും തെളിവെടുപ്പ് നടത്തിയത്. കള്ളനോട്ടുകള്‍ അച്ചടിക്കുന്നതിനു ഉപയോഗിച്ച പ്രിന്റര്‍, കമ്പ്യൂട്ടര്‍ എന്നിവ കണ്ടെത്തി. കള്ളനോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രസിനു അകത്തും പുറത്തു നിന്നുമായി മഷി തെളിയാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച നോട്ടുകളുടെ ഭാഗങ്ങളും കണ്ടെത്തി. പ്രസ് ഉടമ കൊളത്തൂര്‍, കരിച്ചേരി, പെരളത്തെ വി. പ്രിയേഷിനെയും കൂട്ടിയാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്.
പ്രിയേഷിനെയും മുളിയാര്‍, മല്ലം, കല്ലുക്കണ്ടത്തെ കെ. വിനോദ് കുമാര്‍, പെരിയ, കുണിയയിലെ ഷിഫ മന്‍സിലിലെ അബ്ദുല്‍ ഖാദര്‍, കര്‍ണ്ണാടക പുത്തൂര്‍, ബെനാട് ബെളിയൂര്‍ക്കട്ടയിലെ അയൂബ്ഖാന്‍ എന്നിവരെയും കഴിഞ്ഞ ദിവസമാണ് മംഗ്‌ളൂരുവില്‍ പിടികൂടിയത്. ക്ലോക്ക് ടവറിനു സമീപത്തെ ഒരു ലോഡ്ജ് മുറി കേന്ദ്രീകരിച്ച് കള്ളനോട്ടു വിതരണം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് ലോഡ്ജിലെത്തി നാലു പേരെയും അറസ്റ്റു ചെയ്തത്. മുറിയില്‍ നിന്നു 500 രൂപയുടെ 427 കള്ളനോട്ടുകളും മൂന്നു മൊബൈല്‍ ഫോണുകളും പിടികൂടിയിരുന്നു. മൂന്നുമാസം മുമ്പാണ് ചെര്‍ക്കളയില്‍ കള്ളനോട്ടു നിര്‍മ്മാണം തുടങ്ങിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. പ്രിയേഷിനെ തെളിവെടുപ്പിന് എത്തിച്ച വിവരമറിഞ്ഞ് നിരവധി പേര്‍ പ്രസിന്റെ പരിസരത്ത് എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page