സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് പി പറത്തിയ പ്രാവ് നിലത്തുവീണു; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്; വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഛത്തീസ്ഗഡിലെ മുംഗേലിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍നിന്നുള്ള ഒരു വിഡിയോ ഇന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വതന്ത്രമാക്കിയ പ്രാവ് പറന്നുയരാതെ നിലത്തുവീഴുന്നതാണ് വീഡിയോയിലുള്ളത്.
പ്രാദേശിക ഭരണകൂടം സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ പുന്നൂലാല്‍ മൊഹ്ലെ, മുംഗേലി കളക്ടര്‍ രാഹുല്‍ ദിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കര്‍ ജയ്‌സ്വാള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. മൂന്ന് അതിഥികള്‍ക്കും പ്രാവുകളെ നല്‍കി. എം.എല്‍.എ.യും കളക്ടറും മുകളിലേയ്‌ക്കെറിഞ്ഞ പ്രാവുകള്‍ പറന്നുയര്‍ന്നെങ്കിലും എസ്പിയുടെ പ്രാവ് പറക്കാതെ നേരെ താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് സംഘാടകര്‍ ഉടന്‍ തന്നെ മറ്റൊരു പ്രാവിനെ കൊണ്ടുവന്ന് എസ്പി അതിനെ പറപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പി ജില്ലാ കളക്ടര്‍ക്ക് കത്തയച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാവിന് അസുഖം ബാധിച്ചിരുന്നതായി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും നിരവധി ട്രോള്‍ മീമുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ‘പഞ്ചായത്ത്’ എന്ന വെബ്‌സീരിസില്‍ എംഎല്‍എ പറത്തിവിടുന്ന പ്രാവ് നിലംപതിക്കുന്ന ദൃശ്യം ഉപയോഗിച്ചാണ് പരിഹാസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page