‘തനത് ഫണ്ട്’ ഉണ്ടാക്കാന്‍ എളുപ്പവഴി

 

എന്താണ് ഈ ബുദ്ധി ഇവര്‍ക്ക് നേരത്തെ ഉദിക്കാതിരുന്നത്? എന്താകുമായിരുന്നു നമ്മുടെ നഗരം! ‘പോയ ബുദ്ധി ആന വലിച്ചാലും തിരികെ വരുമോ’ എന്നല്ലേ വിവരമുള്ളവര്‍ പണ്ട് പറഞ്ഞിട്ടുള്ളത്.
വികസനാവശ്യങ്ങള്‍ക്ക് വേണ്ട സാമ്പത്തിക ശേഷിയില്ല. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഒന്നിനും തികയുന്നില്ല. അതു കൊണ്ട് ആശിക്കുന്ന പലതും നടപ്പാക്കാനൊക്കുന്നില്ല-മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നവരെപ്പോലെ നമ്മുടെ നഗരസഭാ ഭരണം കൈയാളുന്നവരും വിലപിക്കുന്നു. ശരിയാണ്, സാമ്പത്തിക പ്രതിസന്ധി വഴിമുടക്കുന്നു.
എന്നാല്‍, അത് മറികടക്കാനൊരു വഴിയുണ്ട്: ‘തനത്’ ഫണ്ട് കണ്ടെത്തുക. ആരുടെയും ഔദാര്യത്തിന് കൈനീട്ടി കാത്തുനില്‍ക്കാതെ നമുക്ക് വേണ്ടതെല്ലാം അപ്പപ്പോള്‍ നിവര്‍ത്തിക്കാം. നമ്മുടെ നഗരസഭ കണ്ടെത്തിയത്: ‘നഗരസഭാ പരിധിക്കകത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി അവയുടെ ഉടമസ്ഥര്‍ ആരെന്നു കണ്ടെത്തി അവര്‍ക്ക് പിഴയിടുക; പുതിയ ബസ് സ്റ്റാന്റിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും നഗരത്തിലുമെല്ലാം കന്നുകാലികള്‍ പൊതുജനശല്യമുണ്ടാക്കുന്നു. കറവ കഴിഞ്ഞാല്‍ അഴിച്ചുവിടും തെരുവിലേക്ക്. അങ്ങനെ ചെയ്യുന്നവര്‍ക്ക് പിഴയിടും എന്ന് നഗരസഭാ സെക്രട്ടറി പി.എ ജസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്. പിഴത്തുക എത്ര രൂപ എന്നറിയില്ല. കനത്ത പിഴ തന്നെ വേണം.
എല്ലാവര്‍ക്കും താക്കീതാകണം.
ഗാര്‍ഹികമാലിന്യങ്ങള്‍-പഴം-പച്ചക്കറിത്തുണ്ടുകളും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും-തെരുവില്‍ വലിച്ചെറിഞ്ഞാല്‍ അത് ആഹരിക്കാനാണ് കന്നുകാലികളും നായ്ക്കളും പിന്നാലെയെത്തുന്നത്. ഒന്നും കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടാല്‍ കന്നുകാലികള്‍ അങ്ങോട്ട് പോവുകയില്ല. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് (മാലിന്യം നിക്ഷേപിക്കുക-എന്നാണല്ലോ നഗരസഭകളുടെ പ്രയോഗശൈലി) ശിക്ഷ എന്ന് അവിടവിടെ പാതയോരങ്ങളില്‍ മുന്നറിയിപ്പ് ഫലകങ്ങള്‍ സ്ഥാപിച്ചുകാണാം. വെറും ഭീഷണിയാണ്. ഈ വകയില്‍ എത്ര കിട്ടി പിഴത്തുകയായിട്ട് എന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവശ്യപ്പെട്ടാലോ? മാലിന്യ നിര്‍മ്മാര്‍ജ്ജന-സംസ്‌കരണ നിയമം കര്‍ശനമായി നടപ്പാക്കുകയാണെങ്കിലും കിട്ടും തനത് ഫണ്ടിലേക്ക് നല്ല തുക.
നഗരസഭയുടെ അറിയിപ്പ് വന്ന ദിവസം തന്നെ മറ്റൊരു വാര്‍ത്ത. തളങ്കര റെയില്‍വെ സ്റ്റേഷനടുത്തുള്ള പൊയക്കര അബ്ദുല്‍ റഹിമാന്‍ ഹാജി പാര്‍ക്കില്‍ ഇഴജന്തു ഭീഷണി. പാമ്പ് കടിക്കുമോ എന്ന ഭയം കാരണം പാര്‍ക്കിലേക്ക് ആരും വരുന്നില്ല. ബുദ്ധിശൂന്യം സായാഹ്നങ്ങളില്‍ പാര്‍ക്ക്. നവീകരണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തുന്നില്ല. പാര്‍ക്കിനടുത്ത് തന്നെ. തദ്ദേശീയനായ ഒരു ഉദാരമതിയുടെ ചെലവില്‍ നിര്‍മ്മിച്ച വ്യായാമ കേന്ദ്രമുണ്ട്. അതും ഏറെക്കാലമായി ആളുകേറാമിടം. അതില്‍ ഒരു ഭാഗത്തായി പണ്ടെന്നോ മുറിച്ചിട്ട കുറേ മരത്തടികളുണ്ടത്രെ കൂട്ടിയിട്ട നിലയില്‍. ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെയും നടപടിയാവശ്യം. അത് ചെയ്യേണ്ടത് നഗരസഭയാണ്. അപ്പോള്‍ നഗരസഭ പിഴ ചുമത്തേണ്ടി വരിക, നഗരസഭയ്‌ക്കെതിരെത്തന്നെ എന്ന ഗതികേടുണ്ടാകും.
ഒരു പഴയ റിപ്പോര്‍ട്ട്-രാഷ്ട്രതലസ്ഥാനത്ത് നിന്ന്. ഇംഗ്ലീഷില്‍ ഇങ്ങനെ: ‘പൊല്യൂഷന്‍ കണ്‍ട്രോള്‍ ഈസ് നോട്ട് പൊളിറ്റീഷ്യന്‍സ് ജോബ്’ .മാലിന്യ നിയന്ത്രണം രാഷ്ട്രീയക്കാരുടെ ജോലിയല്ല. രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ബോര്‍ഡധ്യക്ഷന്മാര്‍ വിഷയപരിജ്ഞാനമില്ലാത്ത രാഷ്ട്രീയക്കാര്‍.
രാഷ്ട്രീയാടിസ്ഥാനത്തിലുള്ള നിയമനമാകുമ്പോള്‍ ഇങ്ങനെയല്ലേ വരു. ഒരു സംസ്ഥാനത്തെ ബോര്‍ഡധ്യക്ഷന്റെ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് (എഴുത്തും വായനയും അറിയണമെന്നില്ലല്ലോ) സംസ്ഥാന മുഖ്യമന്ത്രിയാകാന്‍). സുപ്രിംകോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട് ബോര്‍ഡ് രൂപീകരണം സംബന്ധിച്ച്; ഘടന സംബന്ധിച്ച്. ചെയര്‍മാന്‍ പരിസ്ഥിതി ശാസ്ത്ര വിദഗ്ധനായിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡില്‍ ആവശ്യമായ സ്റ്റാഫില്ല. അതു കാരണം സ്ഥല പരിശോധന യഥാസമയം നടത്താന്‍ സാധിക്കുന്നില്ല. ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും യഥാവിധി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനൊക്കാതെ വരുന്നു.
ഡല്‍ഹിയില്‍ ആയിരക്കണക്കിന് വ്യാപാര-വ്യവസായ സ്ഥാപനങ്ങളുണ്ട്. എല്ലാ സ്ഥാപനങ്ങളും മാലിന്യം തള്ളുന്നത് യമുനാനദിയില്‍. ഇന്ത്യയിലെ ഏറെ മലിനമായ നദി, യമുനയാണത്രെ, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്വേഷണ പഠനത്തില്‍ കണ്ടെത്തിയത്.
മാലിന്യനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച് വ്യക്തമായ നിയമങ്ങളില്ലാതെയല്ല. നിയമമുണ്ടാക്കുക എന്നത് പോലെ ക്ഷിപ്രസാധ്യമായ മറ്റെന്തുണ്ട് നമ്മുടെ രാജ്യത്ത്? ഏറെ നിയമങ്ങള്‍, നിയമരാഹിത്യം സര്‍വ്വത്ര.’
വ്യവസായ ശാലകള്‍ സ്വന്തം മാലിന്യസംസ്‌കരണ സംവിധാനമുണ്ടാക്കണം എന്നാണ് ചട്ടം. എന്നാല്‍, സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കാള്‍ ലാഭകരമായിട്ടുള്ളത് ബന്ധപ്പെട്ട ബോര്‍ഡുദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുത്ത് സ്വാധീനിക്കുന്നതാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതേ ചെയ്യുന്നുള്ളു.
പഠന റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു:ദേശീയ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിക്കാന്‍! (ഇന്ത്യന്‍ എക്സ്പ്രസ് 24-07-2013) എന്തിന് മറ്റൊരു വെള്ളാന? ആരെ കയറ്റി ഇരുത്താന്‍?
എളുപ്പത്തില്‍ ചെയ്യാവുന്നത് നമ്മുടെ നഗരസഭാ സെക്രട്ടറി പറഞ്ഞത് തന്നെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page