കാസര്‍കോട്: ചെര്‍ക്കള-സുള്ള്യ സംസ്ഥാന പാതയിലെ പഞ്ചിക്കല്ല്, മുഡൂരില്‍ ലോറി റോഡില്‍ താഴ്ന്നു. ഇതേ തുടര്‍ന്ന് സുള്ള്യയിലേക്ക് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെ കൊട്ട്യാടി-അഡൂര്‍-മണ്ടക്കോല്‍ വഴി തിരിച്ചു വിട്ടു. വ്യാഴാഴ്ച രാത്രിയിലാണ് മരം കയറ്റി വന്ന ലോറി തകര്‍ന്നു കിടക്കുന്ന റോഡില്‍ താഴ്ന്നത്. ഇതോടെ ഇതുവഴിയെത്തിയ മറ്റു വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് ലോറി അപകടസ്ഥലത്തു നിന്നു നീക്കിയത്. സ്ഥലത്ത് അപകടഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും വലിയ വാഹനങ്ങളെ അഡൂര്‍ വഴി തിരിച്ചു വിട്ടിട്ടുള്ളതായും ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് ഉഷ പറഞ്ഞു.
