ഉപതെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ മൂന്നു വാര്‍ഡുകളും ലീഗ് തൂത്തുവാരി; മൊഗ്രാല്‍പുത്തൂരില്‍ എസ്.ഡി.പി.ഐയുടെ ആധിപത്യം തകര്‍ന്നു

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ മൂന്നു വാര്‍ഡുകളും മുസ്ലിം ലീഗ് തൂത്തുവാരി.
കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡായ ഖാസിലൈനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എം ഹനീഫ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹനീഫക്ക് 447 വോട്ടും ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.എം ഉമൈറിനു 128 വോട്ടും ബി.ജെ.പിയിലെ മണിക്ക് ഒരു വോട്ടും ലഭിച്ചു. വി.എം മുനീര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം അംഗത്വവും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
കല്ലങ്കൈ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ധര്‍മ്മപാല്‍ ദാരില്ലത്ത് 701 വോട്ടു നേടി 105 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. എസ്ഡിപിഐയിലെ പത്മനാഭ കല്ലങ്കൈയെ ആണ് പരാജയപ്പെടുത്തിയത്. പത്മനാഭയ്ക്ക് 606വോട്ടു ലഭിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി കെ.ബി ഗുരുപ്രസാദിനു 13 വോട്ടും ബിജെപിയിലെ വിജയകുമാറിന് 172 വോട്ടും ലഭിച്ചു.
കോട്ടക്കുന്ന് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അസ്മീന ഷാഫി 563 വോട്ടു നേടി വിജയിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ആയിഷത്ത് സഫ്രാബീവി 62 വോട്ടും ബിജെപിയുടെ കെ.എസ് സംഗീത 396 വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി ബേബി ബാബുരാജിന് 30 വോട്ടും ലഭിച്ചു. കോട്ടക്കുന്ന് വാര്‍ഡില്‍ മുസ്ലിം ലീഗ് സ്വതന്ത്ര അംഗം ഡി. പുഷ്പയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
കല്ലങ്കൈ വാര്‍ഡില്‍ എസ്.ഡി.പി.ഐ അംഗം ദീക്ഷിത് രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page