വയോധികയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കനാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റിലായി. ചെന്നൈ എംജിആര്‍ നഗറിലെ ശിവമൂര്‍ത്തി തെരുവിലെ വിജയ(70)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസികളായ പാര്‍ഥിബനും(35) ഭാര്യ സംഗീതയും (28) അറസ്റ്റിലായി. ജൂലൈ 17 ന് വിജയയെ കാണാതായിരുന്നു. തുടര്‍ന്ന് മകള്‍ ലോഗനായഗി പലവഴിക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എംജിആര്‍ നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട വിജയയുടെ അയല്‍വാസിയായ പാര്‍ഥിബനെ(32) പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പാര്‍ഥിബനും ഭാര്യയും ഒളിവില്‍ പോയി. ഇതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇരുവരും വിരുദുനഗറില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണസംഘം ദമ്പതികളെ പിടികൂടി ചെന്നൈയിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇരുവരും വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കൊല്ലപ്പെട്ട വിജയയുടെ വീട്ടില്‍ വന്‍തുക ഉണ്ടെന്ന് അയല്‍വാസികളായ ഇരുവര്‍ക്കും അറിയാമായിരുന്നു. ഈ പണം തട്ടിയെടുക്കാന്‍ ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചു. അങ്ങനെ മോഷണം നടത്തുന്നത് വിജയ നേരിട്ടുകണ്ടു. തുടര്‍ന്നാണ് സംഭവം പുറത്തുപറയുമെന്ന് ഭയന്ന് വിജയയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ബാഗില്‍ നിന്ന് ഒന്നര പവന്‍ സ്വര്‍ണാഭരണവും കമ്മലും 20,000 രൂപയും മോഷ്ടിച്ച് മൃതദേഹം ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കനാലില്‍ എറിഞ്ഞുവെന്നും പൊലീസ് പറയുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ പാര്‍ഥിബനെയും സംഗീതയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും 8,000 രൂപയും ബൈക്കും പിടിച്ചെടുത്തു. വിജയയുടെ മൃതദേഹം കനാലില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.