കുമ്പള പഴയ ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ കയറണം; യാത്രക്കാരെ കയറ്റുകയും ഇറക്കുകയും വേണം, അല്ലെങ്കില്‍ പ്രക്ഷോഭം: ബിജെപി

കുമ്പള: കുമ്പളയിലെ പഴയ ബസ് സ്റ്റാന്റില്‍ ബസുകള്‍ പ്രവേശിക്കാനും യാത്രക്കാരെ ഇറക്കാനും കയറ്റാനും ഉടന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം പിക്കറ്റിങ് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് ബിജെപി നിര്‍ബന്ധിതരാവുമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിച്ചു.
40 വര്‍ഷം മുമ്പ് സ്ഥാപിച്ച ബസ് സ്റ്റാന്റ് സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സുകാര്‍ക്ക് വാടകക്കാരെയും വാടകയും കൂട്ടിക്കൊടുക്കുന്നതിനുവേണ്ടി മാറ്റുന്നത് സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പഴയ ബസ് സ്റ്റാന്റിനെ ചുറ്റിപ്പറ്റിയാണ് കുമ്പള പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും നിലവില്‍ വന്നിട്ടുള്ളതെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി എടുത്തുകാട്ടി. എന്നാല്‍ ഇപ്പോള്‍ ബസ് സ്റ്റാന്റ് മാറ്റുന്നത് പഞ്ചായത്ത് ഓഫീസ്, കെഎസ്ഇബി, പൊലീസ് സ്റ്റേഷന്‍, കൃഷിഭവന്‍ മൃഗാശുപത്രി, ബാങ്കുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കു പോകേണ്ടവര്‍ക്ക് വിഷമുണ്ടാക്കുന്നുണ്ട്. ടൗണ്‍ വികസനത്തിനുള്ള ഏതു പരിഷ്‌കാരവും സ്വീകാര്യമാണെന്നും എന്നാല്‍ അതെല്ലാം ജനങ്ങളുടെ സൗകര്യം മെച്ചപ്പെടുത്താന്‍ ആയിരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തില്‍ ബസുകള്‍ പഴയതുപോലെ പഴയ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കാനും കയറ്റാനുമുള്ള സൗകര്യം നിലനിര്‍ത്തിയേ തീരൂ എന്ന് യോഗം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് വിക്രം പൈ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് റൈ ആധ്യക്ഷം വഹിച്ചു. നോര്‍ത്ത് പ്രസിഡണ്ട് ശിവ പ്രസാദ് റൈ, വിനോദന്‍ കടപ്പുറം, ഗോപാലന്‍ കഞ്ചിക്കട്ട, ശശി കുമ്പള, പഞ്ചായത്ത് മെമ്പര്‍മാരായ രമേശ് ഭട്ട്, കാഞ്ചാറ ശാരദ, അമിത് ആള്‍വ, അജിത് കുമാര്‍, വിവേകാനന്ദ ഷെട്ടി, വരുണ്‍ കുമാര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page