സഹോദരിയുടെ വിവാഹം നടത്തണം, പിതാവിന്റെ കടം വീട്ടണം; വഴി കണ്ടത് തൊഴിലുടമയെ കൊള്ളയടിക്കല്‍, 14.5 ലക്ഷം കവര്‍ന്ന കേസില്‍ 20 കാരനും സഹോദരനും അടക്കം 4 പേര്‍ അറസ്റ്റില്‍

 

തൊഴിലുടമയെ കൊള്ളയടിച്ച് 14.5 ലക്ഷം കവര്‍ന്ന കേസില്‍ 20 കാരനും സഹോദരനും അടക്കം നാലുപേര്‍ അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി മുകുന്ദ്പൂര്‍ സ്വദേശികളായ ഗൗതം(20) സഹോദരന്‍ ഗുഡ്ഡു (23), കുനാല്‍ (23), ഷക്കൂര്‍പൂര്‍ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ രോഹിതിനെ പിടികൂടാനായില്ല. തൊഴിലുടമ നമന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവര്‍ ഗൗതമും ചേര്‍ന്ന് ഓട്ടോയില്‍ ഹൈദര്‍പൂരിലേക്ക് പോകുകയായിരുന്നു. 14.5 ലക്ഷം രൂപ ചാക്കില്‍ കെട്ടിയ നിലയില്‍ ഓട്ടോറിക്ഷയില്‍ വച്ചിരുന്നു. കസ്തൂര്‍ബാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രേംപാടി അടിപ്പാതയ്ക്ക് സമീപം എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തവര്‍ റോഡില്‍ വീഴുകയും നമനും ഗൗതമുമായി വഴക്കിടുകയും ചെയ്തു. ബഹളത്തിനിടെ രണ്ട് പ്രതികള്‍ പണത്തിന്റെ ചാക്ക് മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അന്വേഷണത്തിനിടെ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായില്ല. ഡ്രൈവര്‍ ഗൗതമിനെക്കുറിച്ച് സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തില്‍ ഗൗതമിനും പങ്കുള്ളതായി മനസിലായത്. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 11.56 ലക്ഷം രൂപയും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് മോട്ടോര്‍സൈക്കിളുകളും കണ്ടെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി നമന്റെ കീഴില്‍ ജോലി ചെയ്യുകയാണ് ഗൗതം. തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടാണ് കൊള്ള നടത്തിയതെന്ന് ഗൗതം പൊലീസിനോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page