കാസര്‍കോട് ബട്ടംപാറയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു, നാലുപേരെ പൊലീസ് തെരയുന്നു

കാസര്‍കോട്: പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് പെരുവഴിയിലായ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു. മധൂര്‍ ചേനക്കോട്ടെ ശൈലേഷ് (28) ആണ് പരാതിക്കാരന്‍. രാത്രി 11.45മണിയോടെ ബട്ടംപാറയില്‍ റോഡരുകില്‍ നില്‍ക്കുകയായിരുന്നു താനെന്നും ഈ സമയത്ത് നാലു പേര്‍ കാറിലെത്തിയെന്നും ശൈലേഷ് പൊലീസിനു മൊഴി നല്‍കി. പെട്രോള്‍ തീര്‍ന്നതിനാലാണ് വഴിയിലായതെന്നും കാറിലെത്തിയവരോട് പറഞ്ഞതായി ശൈലേഷിന്റെ മൊഴിയില്‍ പറഞ്ഞു. തങ്ങള്‍ സഹായിക്കാമെന്നും പറഞ്ഞ് തന്നെ കാറില്‍ കയറ്റിയെന്നും പിന്നീട് പട്‌ള ഭാഗത്ത് എത്തുകയായിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. പട്‌ളയില്‍ എത്തിയപ്പോള്‍ വിട്ടയക്കാന്‍ സംഘം പണം ആവശ്യപ്പെട്ടുവെന്നു പരാതിയില്‍ പറഞ്ഞു. 30,000 രൂപ ഗൂഗിള്‍ പേ വഴിയും 3000 രൂപ ക്യാഷ് ആയും നല്‍കിയെന്നും അതിനു ശേഷം തന്റെ സ്‌കൂട്ടറുമായി സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ എത്തിയെന്നും ശൈലേഷ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും ആരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page