മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21 കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത ഭര്‍ത്താവ് ആശുപത്രിയിലെ എക്‌സ്‌റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, ഒന്നുമറിയാതെ രണ്ടു പിഞ്ചുമക്കള്‍

 

കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ ഭര്‍ത്താവ് ആശുപത്രിയിലെ എക്‌സ്‌റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭര്‍ത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരിയ വീടിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതു കണ്ട ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറിയ ഇമ്മാനുവല്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം മാത്രം പ്രായമുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 3 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം.
മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലിയായിരുന്നു. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്. മൃതദേഹങ്ങള്‍ എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page