അനന്തശായി ഭഗവാന്റെ ദ്വിതിയാവതാരം ‘കൂര്‍മ്മം’. മലയാളത്തില്‍ ‘ആമ’. അതുകൊണ്ടാവാം ആമയിഴഞ്ചാന്‍ തോട് (ആമയിഴയുന്ന തോട്) എന്ന് പേര് വന്നത്. കാലാന്തരത്തില്‍ ആമ മാത്രമല്ല, ആനയും ഒഴുകുന്ന തോടായി. പക്ഷെ, ഇപ്പോള്‍ പുഴുക്കള്‍ പുളയ്ക്കുന്ന തോട്. തനിയെ സംഭവിച്ചതല്ല, പലരും ചേര്‍ന്ന് ങ്ങനെ ആക്കിയത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ആയതല്ല.
ആമയിഴഞ്ചാന്‍ തോട് മാത്രമല്ല, പാതയോരത്തെ ഓടകളും റെയില്‍പ്പാളങ്ങള്‍ക്ക് ഇരുവശങ്ങളും ഒഴിവല്ല. ജൈവവും അജൈവവുമായ മാലിന്യം കൊണ്ട് തള്ളുന്നത് ഇവിടെയാണ്. എവിടെ വലിച്ചെറിയുന്നതും ഇങ്ങോട്ട് ഒഴുകിയെത്തും. അവിടവിടെ കെട്ടിക്കിടക്കും. ഒഴുക്ക് തടസ്സപ്പെടും. അപ്പോള്‍ സംഭവിക്കുന്നത് ഭയാനകമായ ദുരവസ്ഥ. ആസന്നഭാവിയില്‍ എന്തും സംഭവിക്കാം. ഇതിന് പരിഹാരം കാണേണ്ടത് ആരാണ്? ഈ കെടുകാര്യസ്ഥതക്ക് കാരണക്കാരായവര്‍ തന്നെ. അത് ആര്? റെയില്‍വേയുടെ സ്ഥലമാകയാല്‍ റെയില്‍വേ ഭരിക്കുന്നവര്‍ എന്ന് തദ്ദേശ ഭരണാധികാരി ആയ കോര്‍പ്പറേഷന്‍ പറയുന്നു. കോര്‍പ്പറേഷനാണ് ചെയ്യേണ്ടത് എന്ന് റെയില്‍വേ. തര്‍ക്കം മുറുകുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍.
പക്ഷേ പ്രകൃതി കേള്‍ക്കില്ല, പക്ഷം ചേരുകയുമില്ല. അതെല്ലാം രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ പണി. അവസാനം ഇപ്പോള്‍ എന്തുണ്ടായി എന്ന് പറയുന്നില്ല.
ആമയിഴഞ്ചാന്‍ തോടിന്റെ ‘മിനിക്കുട്ടി’കള്‍ നമ്മുടെ ജില്ലയിലും ഉണ്ട്-ഓടകളും തോടുകളും. ഒഴുക്കില്ല ഒരിടത്തും. ‘തൃതീയാവതാരം”വരാഹം” -പന്നി. സഹായത്തിനായി പന്നികളെ കൊണ്ടുവന്നാലോ?ഒന്നു മതി. പെറ്റു പെരുകിക്കോളും. ‘സൂകരപ്രസവം’എന്നൊരു ശൈലിയുണ്ടല്ലോ, ‘പന്നിപ്പേറ്’പോലെ എന്ന്. ഒരുപാട് ഉണ്ടാകും സൂകരസന്തതികള്‍. കൂട്ടത്തോടെ വരട്ടെ. വാഴയും ചേമ്പും പന്നികള്‍ കുത്തി മറിക്കുന്നു. നാടന്‍ കൃഷിക്കാര്‍ക്ക് പെരും ചേതം എന്ന് പത്രവാര്‍ത്ത. ഇങ്ങോട്ട് തിരിച്ചുവിടുക പന്നികളെ. എന്തും തിന്നുന്ന വര്‍ഗ്ഗമല്ലേ.
പക്ഷേ അതുകൊണ്ടും തീരില്ല നമ്മുടെ ദുരിതം. നമ്മുടെ ഓടകളില്‍ ഒഴുക്കുമുട്ടി തങ്ങിക്കിടക്കുന്ന വിഭവങ്ങള്‍-ഭക്ഷണാവശിഷ്ടങ്ങള്‍, പഴം, പച്ചക്കറിത്തുണ്ടുകള്‍-വരാഹാവതാരമുണ്ടായ കാലത്ത് കാണാറില്ലാതിരുന്ന നാനാതരം പ്ലാസ്റ്റിക്കുകള്‍ തുടങ്ങി പലതും. കോളടിച്ചല്ലോ എന്ന് ആര്‍ത്തിപിടിച്ച് മുരണ്ടു കൊണ്ട് ഓടിയെത്തുന്ന പന്നികള്‍ സ്ഥലത്തെത്തുമ്പോള്‍ തന്നെ ബോധംകെട്ടു വീഴും. ഒരല്‍പം അകത്താക്കിപ്പോയാല്‍ പിന്നെ പറയാനുമില്ല. വയറു വീര്‍ത്ത് പൊട്ടി കഥാവശേഷരാകും. ഓടയിലെ മാലിന്യം തിന്ന് ചത്ത പന്നി കാണാനിടയാകുന്ന മൃഗസ്‌നേഹികള്‍ പ്രതിഷേധിക്കും. പൊതു താല്‍പര്യ ഹര്‍ജിയുമായി കോടതിയിലെത്തും-മാലിന്യനിര്‍മാര്‍ജനച്ചുമതലക്കാര്‍ക്കെതിരെ കേസ്. ബോധപൂര്‍വ്വം കാട്ടുപന്നികളെ കൊലപ്പെടുത്തി എന്ന് വന്യജീവി സംരക്ഷണ നിയമം പ്രകാരം നടപടി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് പുറപ്പെടുമ്പോള്‍ ആദ്യം അറിയേണ്ടത് മാലിന്യത്തിന്റെ ഘടനയാണ്-തരഭേദങ്ങള്‍, രാസഘടന എങ്ങനെ വിഘടിപ്പിക്കാം? പുനരുപയോഗ സാധ്യതയുണ്ടോ?
‘സ്ഥാനം മാറിയ വിഭവമാണ് മാലിന്യം'(വേസ്റ്റ് ഈസ് എ യൂസ്ഫുള്‍ മെറ്റീരിയല്‍ ഇന്‍ എ റോങ് പ്ലെയ്‌സ്). അതാണ് മലിന വസ്തു പുനരുപയോഗത്തിന്റെ അടിസ്ഥാനതത്വം. എങ്ങനെ വീണ്ടും ഉപയോഗിക്കാം, ഉപയോഗയോഗ്യമാക്കാം? ആരോഗ്യത്തിന് ഹാനിയുണ്ടാകാത്ത തരത്തില്‍ എങ്ങനെ, ഉപയോഗിക്കാം? അത് ശാസ്ത്രീയമായി മനസ്സിലാക്കി കൈകാര്യം ചെയ്യുക. പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോയി തള്ളുന്ന മലിന വസ്തുക്കളുടെ അളവ് കുറയും ഇതിലൂടെ. ‘ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹം’ എന്ന് ബോര്‍ഡ് സ്ഥാപിച്ചത് കൊണ്ടായില്ല. എത്ര പേരെ ശിക്ഷിച്ചു?എന്ത് ശിക്ഷ?(‘നിക്ഷേപിക്കുക’എന്ന പദം മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. വലിച്ചെറിയുക എന്ന ശരിയായ പദം പകരം ഉപയോഗിക്കുക)ശിക്ഷ-പിഴ. ചെറിയൊരു തുക. അത് പോരാ. പിഴയടക്കാന്‍ ശേഷിയുള്ളവര്‍ക്ക് വീണ്ടും വീണ്ടും മാലിന്യം വലിച്ചെറിയാം എന്നാണോ?തടവ് ശിക്ഷയാണ് വേണ്ടത്. ശിക്ഷിക്കപ്പെടുന്നവരുടെ പേരു വിവരങ്ങള്‍ പരസ്യമാക്കുകയും വേണം. ‘പോക്‌സോ’കേസൊന്നുമല്ലല്ലോ വിവരം വെളിപ്പെടുത്താതിരിക്കാന്‍. മാലിന്യനിര്‍മാര്‍ജനം ഒരു ദേശീയ പ്രശ്‌നമാണ്. സുപ്രീംകോടതി ഇടപെട്ടത്. 1996ലാണ് സംഭവം. ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കമ്മീഷണറായിരുന്ന ഡോ. അസിം ദേവ് ബര്‍മ്മന്റെ നേതൃത്വത്തില്‍ എട്ടംഗ കമ്മീഷനെ നിയോഗിച്ചു-വിഷയം വിപുലമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. 1999 മാര്‍ച്ചില്‍ (മൂന്നു കൊല്ലത്തെ അന്വേഷണത്തിനുശേഷം)റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ചു. ‘സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഇന്‍ ക്ലാസ് വണ്‍ സിറ്റീസ് ഇന്‍ ഇന്ത്യ.’
‘മാലിന്യം ഉറവിടത്തില്‍ തന്നെ സൂക്ഷിക്കുക; അനന്തരം ഉചിതമായ സ്ഥലത്ത് കൊണ്ടുപോയി സംസ്‌കരിക്കുക. ഇതിനുവേണ്ടി വരുന്ന ചെലവ് മാലിന്യം ഉണ്ടാക്കുന്നവരില്‍ നിന്ന് ഈടാക്കുക. നഗരത്തില്‍ നിന്നും കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ അകലെയായിരിക്കണം സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കേണ്ടത്. പ്ലാന്റില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങാന്‍ പാടില്ല. ജൈവമാലിന്യം വളമാക്കുക. പ്ലാസ്റ്റിക്കും മറ്റും റീസൈക്കിള്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാം’-ഇങ്ങനെ പോകുന്നു റിപ്പോര്‍ട്ട്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ലമെന്റ് ബില്ല് പാസാക്കി. ‘മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് (ഹാന്‍ഡിലിംഗ് മാനേജ്‌മെന്റ്)റൂള്‍സ്-2000. കേന്ദ്രസര്‍ക്കാര്‍ ഗസ്റ്റ് വിജ്ഞാപനം 25-09-2000.
ബില്ല് പാസാക്കിയിട്ട് 24 കൊല്ലമായി. എന്നിട്ടോ? ആമയിഴഞ്ചാനുകള്‍ പെരുകി.
