ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ ശീലുകളുടെയും രാമദര്‍ശനത്തിന്റെയും പുണ്യകാലം.
ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ ശീലുകള്‍ മുഴങ്ങും. നാലംബല ദര്‍ശനത്തിന്റെ പുണ്യകാലം കൂടിയാണ് ഓരോ കര്‍ക്കടക മാസവും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് പ്രത്യേക പൂജകളുമായി രാമായണ മാസാചരണം ആരംഭിക്കും. കൊല്ലവര്‍ഷത്തിന്റെ അവസാന മാസം കൂടിയാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍രഹിതവും വിളസമൃദ്ധിയില്ലായ്മയും നിറയുന്ന കാലം. കര്‍ക്കിടകത്തിന് പഞ്ഞ കര്‍ക്കിടകമെന്നപേരു വീണത് ഒരു പക്ഷേ അതുകൊണ്ട് തന്നെയായിരിക്കും. ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ പൂര്‍ണമായും പ്രാര്‍ത്ഥനകള്‍ക്കും രാമായണ പാരായണത്തിനും നാലമ്പല ദര്‍ശനങ്ങള്‍ക്കുമായാണ് വിശ്വാസികള്‍ കര്‍ക്കടക മാസത്തെ മാറ്റി വച്ചിരിക്കുന്നത്. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാര്‍ക്കിടയിലുണ്ട്. അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കര്‍ക്കടകത്തില്‍ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണ് കര്‍ക്കടകം. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം നടത്തുന്നതും കര്‍ക്കടക മാസത്തിലെ ഒരു പ്രത്യേകതയാണ്. കര്‍ക്കിട കഞ്ഞിയും പ്രസിദ്ധമാണ്.
കര്‍ക്കിടകം പിറന്നാല്‍ ഉത്തരകേരളത്തില്‍ കര്‍ക്കിട മാരി തെയ്യങ്ങള്‍ സജീവമാകാറുണ്ട്. കാസര്‍കോട് താലൂക്കില്‍ കര്‍ക്കിടകം ഒന്നിനും ഹോസ്ദുര്‍ഗില്‍ കര്‍ക്കിടകം 16 നുമാണ് തെയ്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നത്. ആടിവേടനും ഗളിഞ്ചനുമാണ് കര്‍ക്കിടക കുട്ടിത്തെയ്യങ്ങള്‍.
കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തിങ്കളാഴ്ച വൈകുന്നേരം തുറന്നു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി എം.എന്‍ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. നിരവധി ഭക്തരാണ് ഇന്നലെ ദര്‍ശനത്തിനെത്തിയത്.