പ്ലസ് വണ്‍ സീറ്റ് കിട്ടിയില്ല; കുമ്പളയിലെ വിദ്യാര്‍ത്ഥി നാടുവിട്ടു, ഒടുവില്‍ തിരൂരില്‍ കണ്ടെത്തി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ 15 കാരനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തിരൂരില്‍ കണ്ടെത്തി. പ്ലസ് വണ്ണിന് സീറ്റു കിട്ടാത്ത വിഷമത്തിലാണ് നാടുവിട്ടതെന്ന് കുട്ടി പൊലീസിനു മൊഴി നല്‍കി. ഇച്ചിലങ്കോടിനു സമീപത്തെ പതിനഞ്ചുകാരനെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വൈകുന്നേരം ബന്ധു പൊലീസില്‍ പരാതി നല്‍കി. ഇതു പ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ കാണാതായ വിവരം ഉടന്‍ തന്നെ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും അറിയിച്ചു. വയര്‍ലെസിലാണ് സന്ദേശമയച്ചത്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട തിരൂര്‍ എസ്.ഐ സ്റ്റേഷന്‍ പരിധിയിലെ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട തിരൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ തെരച്ചിലിലാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും കുട്ടിയെ കണ്ടെത്തി പൊലീസിനു കൈമാറിയത്. പൊലീസ് അന്വേഷണത്തില്‍ തിരൂരില്‍ കാണപ്പെട്ട കുട്ടി കുമ്പളയില്‍ നിന്നു കാണാതായ പതിനഞ്ചുകാരനാണെന്നു സ്ഥിരീകരിച്ചു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനോദ് കുമാറും ബന്ധുക്കളും തിരൂരിലെത്തി കുട്ടിയെ ഇന്നു രാവിലെ കുമ്പളയിലെത്തിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page