ഡ്യൂട്ടി സമയത്ത് സ്ഥിരം കാന്‍ഡി ക്രഷ് കളി; അധ്യാപകന്റെ പണിപോയി

ജോലിസമയത്ത് കാന്‍ഡി ക്രഷ് കളിക്കുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്ത അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രിയം ഗോയലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളുടെ നോട്ട് ബുക്കില്‍ നിരവധി തെറ്റുകള്‍ കണ്ടെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദ്ര പന്‍സിയ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ അധ്യാപകന്റെ ഫോണ്‍ ഗെയിം ആപ്പുകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും ജോലി സമയത്ത് രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിച്ചെന്നും കണ്ടെത്തി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഗൃഹപാഠം പരിശോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും വേണമെന്നാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു. പന്‍സിയ ആറ് കുട്ടികളുടെ നോട്ട് ബുക്കുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തെറ്റുകള്‍ കണ്ടെത്തി. ആറ് പേജുകള്‍ പരിശോധിച്ചപ്പോള്‍ 95 തെറ്റുകളാണ് കണ്ടെത്തിയത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച പന്‍സിയ പ്രിയം ഗോയലിന്റെ ഫോണ്‍ പരിശോധിക്കുകയും ചെയ്തു.
സ്‌കൂള്‍ സമയത്തിന്റെ അഞ്ചര മണിക്കൂറില്‍, പ്രിയം ഗോയല്‍ ഏകദേശം രണ്ട് മണിക്കൂറോളം കാന്‍ഡി ക്രഷ് കളിക്കുകയും 26 മിനിറ്റ് ഫോണില്‍ സംസാരിക്കുകയും 30 മിനിറ്റോളം സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തതായി തെളിഞ്ഞു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും തുടര്‍ന്ന് അസിസ്റ്റന്റ് ടീച്ചറെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page