കാസര്‍കോട്: ട്രെയിനില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം നല്‍കിയ യുവാവ് പിടിയില്‍. മലബാര്‍ എകസ്പ്രസില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബങ്കളം സ്വദേശി രതീഷാ(42)ണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബുധനാഴ്ച രാത്രി ഏഴരയോടെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ വിവിധ ട്രെയിനുകളില്‍ പരിശോധന നടത്തിയെങ്കിലും ബോംബോ മറ്റ് സ്‌ഫോടകവസ്തുക്കളോ കണ്ടെത്താനായില്ല. പിന്നീട് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കാഞ്ഞങ്ങാട് ഭാഗത്തുണ്ടെന്ന് കണ്ടെത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. അനില്‍കുമാറിന്റെയും സി.ഐ. ദിനേശിന്റെയും നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ മാവുങ്കാല്‍ മേല്‍പ്പാലത്തിനടിയില്‍ നിന്ന് പ്രതിയെ പിടികൂടി. ബീവറേജിന്റെ സമീപത്തുനിന്ന് ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകള്‍ റെയിവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെന്നും അവര്‍ തങ്ങളുടെ കയ്യില്‍ ബോംബുണ്ടെന്നും പറഞ്ഞെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അതുകൊണ്ടാണ് റെയില്‍വേ സ്റ്റേഷനിലും പൊലീസ് കണ്‍ട്രോള്‍ റൂമിലും അറിയിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കള്ളം പറഞ്ഞതാണെന്ന് വ്യക്തമായി. അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് നോട്ടീസ് നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.







