നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല; വിദ്യാര്‍ഥിനിയെ അധ്യാപകന്‍ തല്ലിയ കേസില്‍ ഹൈക്കോടതി

കുട്ടികളുടെ നന്മ ലക്ഷ്യമിട്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ അധ്യാപകനെതിരെ രജിസ്റ്റര്‍ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ക്കുറ്റം നിര്‍ണയിക്കാനാവൂ.
മാര്‍ക്ക് കുറഞ്ഞതിന്റെപേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെഭാഗമായോ ചുമതലപ്പെട്ട അധ്യാപകന്‍ വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിന്റെ ലംഘനമല്ല. എന്നാല്‍ പെട്ടെന്നുള്ള കോപത്തിന്റെ പുറത്ത് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനും അംഗീകരിക്കാനും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അവരുടെ വ്യക്തിത്വ വികാസത്തിന്റെയും വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെയും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതിയും രക്ഷിതാക്കള്‍ പരോക്ഷമായി അധ്യാപകന് നല്‍കുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ ആരോഗ്യത്തിന് ക്ഷതംവരുത്തുന്ന വിധത്തിലുള്ള മര്‍ദനം നടന്നിട്ടില്ലെന്നും പരിക്ക് പറ്റിയെന്ന് പരാതിയില്ലെന്നും പറഞ്ഞ കോടതി അധ്യാപകര്‍ക്ക് സ്വയംനിയന്ത്രണം ആവശ്യമുണ്ടെന്നും വിലയിരുത്തി. കോടനാട് പൊലീസ് ആണ് അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമം, ബാലനീതി നിയമം എന്നിവയുടെ വകുപ്പു പ്രകാരം 2018ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page