പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ആദ്യം കേസെടുത്തത് പ്രിന്‍സിപ്പലിനെതിരെ;പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പല്‍

കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പൊലീസ് ആദ്യം കേസെടുത്തത് എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍.
പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയുമാണ് ഈ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ രണ്ടുമണിക്കൂറിന് ശേഷമാണ് കേസെടുത്തത്.
തിങ്കളാഴ്ചയാണ് പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അധ്യാപകനായ രമേശന്‍ എന്നിവരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതി വന്നത്. അതേസമയം ഗുരുദേവ കോളേജില്‍ സംഘര്‍ഷം നടത്തിയത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ് എത്തിയവരാണെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കര്‍. കൈപിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തു. പുറത്തുനിന്ന് വന്നവരോട് ക്യാമ്പസില്‍നിന്ന് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നും സുനില്‍ ഭാസ്‌കര്‍ വിശദമാക്കി.
ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌ക് ഇടാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. നാല് വര്‍ഷ ബിരുദ ക്ലാസുകളെ കുറിച്ച് മന്ത്രിക്ക് പറയാനുള്ളത് ആദ്യം കേള്‍ക്കാമെന്നും എങ്ങനെയാണ് ഈ നാലുവര്‍ഷ ഡിഗ്രികള്‍ നടപ്പിലാക്കുന്നത് എന്ന്
മന്ത്രിയില്‍നിന്നും പഠിച്ചശേഷം ഹെല്‍പ്പ് ഡെസ്‌കിനെ കുറിച്ച് ചിന്തിക്കാമെന്നും പറഞ്ഞു.
എന്നാല്‍ എസ്.എഫ്.ഐ. ഹെല്‍പ് ഡെസ്‌ക് ഇട്ടാല്‍ അവിടെത്തന്നെ ഇരിക്കും അത് മാറ്റാന്‍ പറ്റില്ല എന്ന നിലപാടാണ് കുട്ടികള്‍ എടുത്തതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ കോളേജില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഏരിയാ പ്രസിഡന്റ് അഭിനവിനെ പ്രിന്‍സിപ്പലാണ് ആക്രമിച്ചതെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്നാണ് എസ് എഫ് ഐ നേതൃത്വം പറയുന്നത്. എസ്എഫ്‌ഐയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറും സ്റ്റാഫ് സെക്രട്ടറി രമേഷും പ്രതികളാണ്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page