അബൂബക്കര്‍ സിദ്ദിഖിനെ കൊല്ലിച്ചതാര്? കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനപ്രകാരമാണ് കേസ് കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതേ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന കേസ് ഫയല്‍ കൈമാറിയത്. രണ്ടായിരത്തോളം പേജുകള്‍ വരുന്ന ഫയലാണ് ക്രൈംബ്രാഞ്ച് യൂണിറ്റിനു തിങ്കളാഴ്ച കൈമാറിയത്. ഫയലുകളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരനെ ഒരു സംഘം തടങ്കലില്‍ ആക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് അബൂബക്കര്‍ സിദ്ദിഖിനെ അടിയന്തിരമായി വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയത്. പൈവളിഗെയില്‍ അടഞ്ഞു കിടക്കുന്ന ഇരുനില വീട്ടിലും സമീപത്തെ കാട്ടിലും വച്ച് ക്രൂരമായി മര്‍ദ്ദിച്ചാണ് അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയത്. കേസില്‍ വിദേശത്തേക്ക് കടന്നവരടക്കം ഏതാനും പ്രതികളെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും മുഖ്യ പ്രതികളായ ചിലര്‍ ഇപ്പോഴും വലയ്ക്കു പുറത്താണ്. ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും ക്വട്ടേഷന്‍ നല്‍കിയവരെയോ, കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page