അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ പുറത്തിറങ്ങാനുള്ള മോഹത്തിന് തിരിച്ചടി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കുന്നത് വരെ ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതല്‍ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കെജ്രിവാളിന്റെ ജാമ്യത്തെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കെജ്രിവാളിനെ വിട്ടയക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തെ തടസപ്പെടുത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് ഉള്‍പ്പെടെ കര്‍ശനമായ നിര്‍ദ്ദേശങ്ങളും കോടതി നല്‍കിയിരുന്നു. ജാമ്യത്തില്‍ 48 മണിക്കൂറോളം ഒപ്പിടരുതെന്നും, ഹൈക്കോടതിയില്‍ വിധി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളുകയായിരുന്നു. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും ഇന്ന് വൈകുന്നേരം 4 മണിക്ക് തിഹാര്‍ ജയില്‍ എത്തി ഡല്‍ഹി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. അതിനിടയിലാണ് നിര്‍ണായക ഉത്തരവ് വരുന്നത്. വിഷയത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മെയ് പത്തിന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണ്‍ രണ്ടിന് തിരികെ ജയിലില്‍ കീഴടങ്ങുകയായിരുന്നു.
മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരനാണ് അരവിന്ദ് കെജ്രിവാള്‍ എന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. കേസിലെ പ്രധാന പ്രതിയായ വിനോദ് ചൗഹാനുമായി കെജ്രിവാള്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്ന വേളയിലാണ് ഇഡി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page