സുനിൽ കുമാർ കരിച്ചേരി
( ജിഎച്ച് എസ് എസ് ചന്ദ്രഗിരിയിലെ ഹയർ സെക്കണ്ടറി ജിയോളജി അധ്യാപകൻ)

ലോക പരിസ്ഥിതി ദിനം എല്ലാ വർഷവും ജൂൺ 5 ന് ആചരിക്കപ്പെടുന്നു. 1972 ൽ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണെന്നും മണ്ണിനും ജലത്തിനും വായുവിനും സംരക്ഷണം നൽകാതെ ഭാവി തലമുറകൾക്ക് സുരക്ഷിതമായ ലോകം നൽകാനാവില്ലെന്നും ലോക പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ അവബോധം എല്ലാ മനുഷ്യരിലുമെത്തിക്കുകയെന്നതാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം. ” പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് , കാലാവസ്ഥക്കായി. നമ്മുടെ ഭാവിക്കായി.” എന്നതാണ് ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം. അസർബൈജാനിലെ ബാക്കു നഗരമാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് നടന്ന മഹാ വിസ്ഫോടനാനന്തരം പ്രപഞ്ചോൽപ്പത്തി ഉണ്ടായി എന്നാണ് ശാസ്ത്രമതം. 4.56 ശതകോടി വർഷങ്ങൾക്ക് മുമ്പാണ് ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൂര്യൻ കേന്ദ്രമായുള്ള സൗരയൂഥം ഉണ്ടായതെന്ന് നെബൂലാർ പരികൽപ്പനയിൽ പറയുന്നു. ഭൂവൈജ്ഞാനിക കാലഗണന അനുസ രിച്ച് ഭൂമിയുടെ ഉത്ഭവം മുതൽ ഇന്നുവരെ യുള്ള കാലഘട്ടത്തെ മഹാകൽപങ്ങളായും, കൽപങ്ങളായും, മഹായുഗ യുഗങ്ങളായും തരം തിരിച്ചിട്ടുണ്ട്. ഒരു ലക്ഷം വർഷം മുമ്പ് ഹോളോസീൻ കാലഘട്ടത്തിൽ മാത്രമാണ് മനുഷ്യൻ ഉണ്ടായതെന്ന് ജീവോൽപത്തി സംബന്ധിച്ച ഡാർവിന്റെ പരിണാമ സിദ്ധാന്ത മുൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു. ജീവന്റെ പരിണാമ ചക്രം എടുത്ത് പരിശോധിച്ചാൽ ഏറ്റവും അവസാന ഘട്ടത്തിൽ ഉണ്ടായ ജീവിവർഗ്ഗമാണ് ബുദ്ധിയുടേയും സാമർത്ഥ്യത്തിന്റേയും കാര്യത്തിൽ കരുത്തരായ മനുഷ്യ വർഗ്ഗം. പിന്നീട് ഭൂമിയുടെ അധിപരായി മനുഷ്യൻ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.ആസുരമായ വർത്തമാനകാലത്ത് ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോൾ ആർത്തി മൂത്ത മനുഷ്യനെ നിലക്ക് നിർത്താൻ പ്രകൃതി ദുരന്തങ്ങളും ,മഹാമാരികളും പൊട്ടി പുറപ്പെടുന്നു. ഓരോ വർഷവും ആയിര കണക്കിന് പ്രകൃതി ദുരന്തങ്ങളാണ് ലോകത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൂനിൻമേൽ കുരു എന്ന പോലെകോവിഡ് – 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉയർത്തിയ വെല്ലുവിളി ഇനിയും പൂർണ്ണമായി കെട്ടടങ്ങിയിട്ടില്ല.ലോകത്താകെ 70.5 കോടിയോടടുത്ത് ആളുകൾ കോവിഡ് രോഗത്തിന് അടിപ്പെടുകയും , 70 ലക്ഷത്തിലേറെ ആളുകൾക്ക് അവരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ ദുരന്തത്തി നിടയിലും ഭൂമി മാതാവിന്റെ മാറ് പിളർന്ന് ചോരയും നീരും ഊറ്റി കുടിച്ചും ,മണ്ണും വിണ്ണും, കടലും കായലും, കുന്നും,പുഴയും വിൽപന ചരക്കാക്കിയും ആസ്തി വർദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ തന്നെയാണ് മനുഷ്യകുലവും, ഭരണകൂടങ്ങളും .ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകൾ വലിയ തോതിൽ ഭീഷണിയുയർത്തുന്നതായി ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി) ഏറ്റവും പുതിയ പഠനങ്ങൾ അടിവരയിട്ട് പറയുന്നു. ഇന്ത്യയുൾപ്പെടെ ഉള്ള രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞർ എട്ടു കൊല്ലമെടുത്ത് തയ്യാറാക്കിയ നാലായിരത്തോളം പേജ് വരുന്ന ഐ.പി.സി.സി. ആറാം റിപ്പോർട്ട് പ്രകാരം മനുഷ്യരുടെ പ്രവൃത്തികൾ ആഗോള കാലാവസ്ഥയെ മുമ്പില്ലാത്ത വിധം മാറ്റി കൊണ്ടിരിക്കുകയാണെന്നും അതി തീവ്രമായ ഉഷ്ണവാതങ്ങളും, വരൾച്ചയും , വെള്ള പൊക്കവും, കൊടുങ്കാറ്റും വർദ്ധിച്ച് വരുമെന്നും മുന്നറിയിപ്പ് നൽകുന്നു. അന്തരീക്ഷ മില്ലാത്ത ഭൂമി സങ്കൽപ്പങ്ങൾക്കുമപ്പുറം ഭീതിയുണർത്തു ന്നതാണെന്ന യാഥാർത്ഥ്യം ആർത്തി മൂത്ത മനുഷ്യർ മറന്നു പോകുന്നു. 2000 ത്തിന് ശേഷം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടേയും, ബലൂൺ നീരിക്ഷണങ്ങളിലൂടേയും നടന്ന അന്തരീക്ഷ പഠനങ്ങൾ വെളിപ്പെടുത്തിയത് ഓസോൺ നശീകരണ പദാർത്ഥങ്ങളുടെ അമിത സാന്നിധ്യം മൂലം ഓസോൺ കുടയിൽ ചില പ്രത്യേക സമയങ്ങളിൽ ,ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വലിയ വിളളലുകൾ ഉണ്ടാകുന്നു എന്നാണ്. അന്റാർട്ടിക്കക്ക് മുകളിൽ ധ്രുവനീർച്ചുഴി എന്ന വൃത്താകൃതിയിലുളള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാർ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങൾ ഉണ്ടാകാൻ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്ലൂറോ കാർബൺ (സി.എഫ്.സി) അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിൻ ഓസോൺ പാളിയെ അക്രമിച്ച് ഓസോൺ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുന്നു. 2006 സെപ്തംബറിൽ 29.5 ദശലക്ഷം വിസ്തൃതിയിൽ (ഏകദേശം വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തേക്കാൾ വലുത് ) ഓസോൺ തുള ഉണ്ടായത് ലോക മന:സാക്ഷിയെ തന്നെ ഞെട്ടിക്കുകയുണ്ടായി. ഓസോൺ ശോഷണം പരിധി വിട്ട് തുടർന്ന് പോയാൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതി വന്നപ്പോഴാണ് കൂടുതൽ നിയന്ത്രണങ്ങൾ പാലിച്ചു തുടങ്ങിയത്.ഭൂമിയെ ചാരമാക്കി മാറ്റാൻ കെൽപ്പുളള അൾട്രാവയലറ്റ് ഉൾപ്പെടെയുളള വിഷ രശ്മികൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.മനുഷ്യനിൽ മാരകങ്ങളായ രോഗങ്ങളാണ് അൾട്രാവയലറ്റ് രശ്മികളുടെ വർദ്ധന മൂലം ഉണ്ടാവുക. നേത്രരോഗങ്ങൾ, വിവിധ തരം ത്വക് രോഗങ്ങൾ, കാൻസർ, ജനിതകരോഗങ്ങൾ, അലർജികൾ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വർദ്ധിക്കും. ഡെങ്കിപ്പനി, എലിപ്പനി, ജപ്പാൻ ജ്വരം, മലമ്പനി തുടങ്ങിയ രോഗങ്ങൾ വ്യാപകമാവും. പുത്തൻ മഹാമാരികൾക്ക് പിന്നിലും ഒരു പക്ഷേ കാലാവസ്ഥ വ്യതിയാനമാവാം. പ്രകാശസംശ്ലേഷണം, പുഷ്പിക്കൽ, പരാഗണം എന്നിവയെ ബാധിക്കുന്നതിനാൽ ചെടികളുടെ സർവ്വനാശത്തിന് കാരണമാകും.മുഖ്യ ഭക്ഷ്യ വിളകളായ ഗോതമ്പ്, നെല്ല് , ചോളം എന്നിവയെ വലിയ തോതിൽ ബാധിക്കുന്നതിനാൽ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അൾട്രാവയലറ്റിന്റെ വർദ്ധനവ് ഭക്ഷ്യോൽപ്പാദനത്തിൽ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അനന്തരഫലം ഭക്ഷ്യക്ഷാമവും ,ദാരിദ്ര്യവും, സംഘർഷങ്ങളുമായിരിക്കും. ലോക രാഷ്ട്രങ്ങൾക്കിടയിൽ യുദ്ധ പ്രവണത കൂടി വരുന്നതിനു നാമിന്നു സാക്ഷിയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ- അമേരിക്ക യുദ്ധം എന്നിവ അന്തമില്ലാതെ നീങ്ങുന്നു.നമ്മുടെ അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും, പാകിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഗാനിസ്ഥാനിലുമൊക്കെ സാമ്പത്തിക അരാജകത്വം അതിന്റെ മൂർധന്യവസ്ഥയിൽ എത്തി കഴിഞ്ഞിരിക്കുന്നു. ആഗോള താപനം മൂലം മഞ്ഞുമലകൾ ഉരുകാനും സമുദ്രജലവിതാനം കുത്തനെ ഉയർന്ന് താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങാനും കാലമേറെ വേണ്ടി വരില്ല. സമുദ്രതാപനം വർദ്ധിക്കുന്നതുമൂലം സമുദ്രോപരിതലത്തിലെ ചെറുസസ്യങ്ങളും ജീവികളും നശിക്കുകയും ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്നതിനാൽ മൽസ്യ ഉൽപ്പാദനം ഗണ്യമായി കുറയും. ഇങ്ങനെ നാനാവിധത്തിൽ അൾട്രാവയലറ്റ് വിഷ രശ്മികൾ ഭൂമിയെ നാശോന്മുഖമാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും , ഇ-മാലിന്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മറ്റൊരു പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നു. ജനസംഖ്യ വിസ്ഫോടനം ഭൂമിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. പുതിയ വാസസ്ഥലങ്ങൾ വെട്ടിപ്പിടിക്കാൻ മനുഷ്യർ വൻതോതിൽ വനനശീകരണം നടത്തുമ്പോൾ വന്യമൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിലേക്കിറക്കുന്നു. വനമേഖലകൾ ക്കടുത്തുള്ള പ്രദേശങ്ങളിൽ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘട്ടനം നിത്യ സംഭവമായി കഴിഞ്ഞിരിക്കുന്നു.പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലോക ജനത യുടെ 10 ശതമാനത്തി ൽ താഴെ വരുന്ന അതിസമ്പന്നരുടെ അത്യാഢംബര ജീവിതരീതികൾ കൂടിയാണ് ആഗോള താപനത്തിന് പ്രധാന കാരണം. ഹരിത ഗ്രഹ വാതകങ്ങൾ പുറന്തളളുന്നതിൽ ഏറെ മുന്നിൽ നിൽക്കുന്നത് വികസിത രാഷ്ട്രമായ അമേരിക്കയും മറ്റ് പശ്ചിമ യൂറോപ്യൻ രാജ്യങ്ങളുമാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കാൻ പല രാജ്യങ്ങളും കൂട്ടാക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായി വാതോരാതെ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും ആധുനിക ആഢംബരങ്ങളുടെ വക്താക്കളുമാണ്. എനിക്ക് എല്ലാ സൗകര്യങ്ങളും വേണം മറ്റുളളവർ ഇതൊക്കെ ത്യജിച്ച് നാട് നന്നാവട്ടെ എന്ന സ്വാർത്ഥ ചിന്തയിലാണ് ഭൂരിഭാഗവും.സ്വന്തം കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് ആർത്തി മൂത്ത മനുഷ്യൻ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ചരിത്രത്തിൽ ഇല്ലാത്ത വിധമുളള ദുരന്തങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.പ്രകൃതിയിൽ മനുഷ്യൻ നടത്തിയ കടന്നാക്രമണങ്ങളെ പ്രകൃതി തന്നെ ചില വികൃതികളിലൂടെ വീണ്ടെടുക്കുന്ന കാഴ്ചക്കാണ് നാം സാക്ഷിയാവുന്നത്. മഹാൻമാരായ കാറൽ മാർക്സും , മഹാത്മ ഗാന്ധിയും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നൽകിയ സന്ദേശങ്ങൾ മുഖവിലക്കെടുത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പുതിയ നിർദ്ദേശങ്ങൾ മാനിച്ച് തികച്ചും ശാസ്ത്രീയ അടിത്തറയുളള, പരിസ്ഥിതി സൗഹൃദമായ സുസ്ഥിര വികസന പ്രവർത്തനങ്ങൾ ലോകത്താകെ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കൽപ്പവും ജീവിതരീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. സങ്കുചിത രാഷ്ട്രീയ, സാമ്പത്തിക ലാഭചിന്തകൾക്കു പകരം ഭൂമിയെ കൊല്ലാതിരിക്കുക എന്ന ചിന്ത ലോക രാഷ്ട്ര തലവൻമാർക്കുണ്ടാകേണ്ടിയിരിക്കുന്നു. റോഡും റെയിൽവേയുമുൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുമ്പോഴും പരിസ്ഥിതിയെ നാം മറന്നു പോകരുത്. തണ്ണീർത്തടങ്ങൾ നമ്മുടെ ജീവൻ തന്നെയാണെന്ന ബോധ്യം നമ്മുക്കുണ്ടാവണം. പരിസ്ഥിതിയെ സംരക്ഷിച്ച് നമ്മളെത്തന്നെ സംരക്ഷിക്കുന്ന പ്രക്രിയയിൽ സ്വമനസ്സാലെ പങ്കു ചേർന്നാൽ നമ്മുടെ ഒരേ ഒരു ഭൂമിയെ മരണത്തിന് വിട്ടു നൽകാതെ നമുക്ക് കാത്തുസൂക്ഷിക്കാനാവും.






