സ്‌കൂള്‍ വരാന്തയിലെ മധ്യവയസ്‌ക്കന്റെ മരണം കൊലയെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍; കൊല നടത്തിയത് 800 രൂപയ്ക്ക് വേണ്ടി

മംഗളൂരു: സ്‌കൂള്‍ വരാന്തയിലെ മധ്യവയസ്‌ക്കന്റെ മരണം കൊലയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയോടെ സുള്ള്യ താലൂക്കിലെ അജ്ജവര വില്ലേജിലെ കാന്തമംഗല സ്‌കൂളിന്റെ വരാന്തയിലാണ് വിരാജ്‌പേട്ട സ്വദേശി വസന്ത് (45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി കഡബ താലൂക്കിലെ ഇടമംഗല സ്വദേശി ഉദയ് കുമാര്‍ നായിക് (35) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് കൊല നടന്നത്. ഉദയ് കുമാര്‍ ഒരു ബാറില്‍ വച്ച് വസന്തിനെ കണ്ടുമുട്ടിയിരുന്നു. മൂക്കറ്റം മദ്യപിച്ച ശേഷം ഇരുവരും ഓട്ടോയില്‍ കാന്തമംഗലത്തേക്ക് പോയി സ്‌കൂള്‍ വരാന്തയില്‍ കിടന്നുറങ്ങി. വസന്തിന്റെ പക്കല്‍ 800 രൂപ ഉണ്ടായിരുന്നത് ഉദയ് നോട്ടമിട്ടിരുന്നു. പണം തട്ടിയെടുക്കാന്‍ ഉദയ് ഒരു കല്ലെടുത്ത് ഉറങ്ങുന്ന വസന്തിന്റെ തലയില്‍ അടിച്ച് കൊലപ്പെടുത്തി. മരിച്ചെന്ന് ഉറപ്പായതോടെ പണവും വസന്തിന്റെ മൊബൈല്‍ ഫോണുമായി ഉദയ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പൊലീസ് വസന്തിന്റെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. എസ്പി ഋശ്യന്ത് സിബി, എഎസ്പി രാജേന്ദ്ര ഡിഎസ്, പുത്തൂര്‍ ഡിവൈഎസ്പി അരുണ്‍ നാഗഗൗഡ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page