റിയാദ്: സൗദിയിലെ അല്‍ഹസ്സയില്‍ പെരുന്നാള്‍ ആഘോഷിക്കുവാന്‍ പോയ വളപട്ടണം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍, വളപട്ടണം, പുതിയപുരയില്‍ മുഹമ്മദ് നിഷാദ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് അല്ഹസ്സയിലേക്ക് പോയത്.
പാര്‍ക്കില്‍ കൂട്ടുകാരുമായി ഉല്ലസിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് നിഷാദ്. ആറു മാസം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി മടങ്ങിയത്. ഭാര്യയും മൂന്നു പെണ്മക്കളുമുണ്ട്. മൃതദേഹം അല്‍ഹസ്സ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.