കാസർകോട്: പട്ടയം കിട്ടി നികുതി അടച്ചിട്ടും അനുവദിച്ചു കിട്ടിയ ഭൂമി കണ്ടെത്താനാവാതെ വലഞ്ഞ കുമ്പള സ്വദേശി ഇർഷാദ് ചാക്കോയ്ക്ക് ഒടുവിൽ അധികൃതർ സ്ഥലം അളന്നുനൽകി. കാരവൽ ഓൺലൈൻ വാർത്തയെ തുടർന്നാണ് എഡിഎം പ്രശ്നത്തിൽ ഇടപെട്ടത്. തുടർന്ന് തഹസിൽദാരുടെ നിർദ്ദേശത്തിൽ കോയിപാടി വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം അളന്ന് അളന്നു നൽകുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11-നകം സ്ഥലം അളന്ന് റിപ്പോർട്ട് നൽകണമെന്ന എ ഡി എം നിർദേശത്തെത്തുടർന്നായിരുന്നു നടപടി. കോയിപാടി വില്ലേജിൽ കെൻസ കോളേജിന് സമീപം ആണ് ഇർഷാദിന് ഭൂമി അനുവദിച്ചു നൽകിയത്. പട്ടയം കിട്ടിയതോടെ ഭൂമിക്ക് നികുതി അടച്ചെങ്കിലും എവിടെയാണ് ആ ഭൂമിയെന്ന് അധികൃതർ കാട്ടിക്കൊടുത്തിരുന്നില്ല. ഇതിനുവേണ്ടി പലതവണ റവന്യൂ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അനുകൂലമായ നടപടിയൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കിൽ താലൂക്ക്, വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇർഷാദ് ചാക്കോയുടെ ദുരവസ്ഥയെ കുറിച്ച് കാരവൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ ഇടപെട്ട് ഭൂമി അളന്നുനൽകിയത്.








