17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വാറണ്ടുമായി സിഐഡി; ബിജെപി നേതാവ് യെദ്യൂരപ്പ അറസ്റ്റിലാവും

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു പ്രത്യേക കോടതി. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി വിഭാഗം കോടതിയെ സമീപിച്ചത്. ഡൽഹിയിൽ ആണെന്നും 17ന് ഹാജരാകാമെന്നും യെദ്യൂരപ്പ അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. 17കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെട്ട ബലാത്സംഗ കേസിൽ സഹായം തേടി യുവതി മകളെയും കൂട്ടി യെദ്യൂരപ്പയുടെ സഹായം തേടി അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിഷയം പറഞ്ഞ ശേഷം മകളെ അദ്ദേഹം മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന പരാതി. എന്നാല്‍ പരാതിക്കാസ്പദമായ സംഭവം യെദ്യൂരപ്പ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ 54കാരിയായ അമ്മ മരിച്ചു. പിന്നീട് ശദാശിവനഗര്‍ പൊലീസ് കേസ് കര്‍ണാടകയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് (സിഐഡി) കൈമാറി. യെദ്യൂരപ്പയുടെ ശബ്ദ സാമ്പിള്‍ സഹിതം സിഐഡി കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് യെദ്യൂരപ്പയ്ക്ക് സിഐഡി നോട്ടീസ് അയച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധു ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുതിയ തട്ടിപ്പുമായി ‘സ്‌റ്റൈല്‍മാന്‍’ ഇറങ്ങിയിട്ടുണ്ട്; ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കീറും, നിരവധി പേര്‍ തട്ടിപ്പിനു ഇരയായി, കാഞ്ഞങ്ങാട്ടെ പെട്ടിക്കട ഉടമയായ സ്ത്രീയുടെ 2500 രൂപ തട്ടിയത് ബുധനാഴ്ച രാവിലെ

You cannot copy content of this page