ആ ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കും; സൗദി ജയിലിലെ അബ്ദുറഹീമിന്റെ മോചനം അടുത്തു; അവസാന കടമ്പയും പൂര്‍ത്തിയായി

ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിന് നല്‍കിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കും വാദിഭാഗത്തിന്റെ അറ്റോര്‍ണി ഗവര്‍ണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും അനുബന്ധ രേഖകളും കോടതിയിലെത്തിക്കുക എന്നതായിരുന്നു അവസാന കടമ്പ. പെരുന്നാള്‍ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതെല്ലാം കോടതിയില്‍ എത്തിയതെന്ന് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ അറിയിച്ചു. ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ മോചനത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. കോടതി തുറക്കുന്നതോടെ ഇനി വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാല്‍ മോചന ഉത്തരവില്‍ കോടതി ഒപ്പ് വെക്കുമെന്നാണ് കരുതുന്നത്. അതോടെ മോചനം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് സഹായ സമിതി. കേസുമായി ബന്ധപ്പെട്ട എല്ലാ പുരോഗതികളും റിയാദിലെ ജയിലില്‍ കഴിയുന്ന റഹീമിനെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ നേരിട്ട് അറിയിക്കുന്നുണ്ട്. ഇതുവരെയുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ബത്ഹ ഡി-പാലസ് ഹോട്ടലില്‍ സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്നു. സമിതി ചെയര്‍മാന്‍ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page