മൊഗ്രാല്‍പുത്തൂരില്‍ മോഷണം പതിവായി; കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു

കാസര്‍കോട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെ കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു. മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും പൊലീസിന് എല്ലാ സഹായവും ഉറപ്പ് നല്‍കി. വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘ലോക്ക്ഡ് ഹൗസ്’ സൗകര്യം വിനിയോഗിക്കാമെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പറഞ്ഞു. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂരില്‍ പ്രത്യേക ജാഗ്രതാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുമ്പെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രവര്‍ത്തകരും പൊലീസും രാത്രിയില്‍ പെട്രോളിംഗ് നടത്തും. സംശയമുള്ള കാര്യങ്ങള്‍ ഉടന്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തും. വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍ ആധ്യക്ഷം വഹിച്ചു. എസ് ഐ അബ്ദുല്‍ റസാഖ് വിശദീകരിച്ചു. മാഹിന്‍ കുന്നില്‍, ഖാദര്‍ കടവത്ത് സംസാരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബ് പ്രതിനിധികള്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page