സംസ്ഥാനത്ത് ഇനി ‘കാലവര്‍ഷക്കാലം’; കാസര്‍കോട് ഇന്ന് മഞ്ഞ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി കാസര്‍കോട് അടക്കം മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു മാസത്തോളം നീണ്ട വേനല്‍മഴയുടെ ദുരിതം മാറും മുമ്പാണ് കാലവര്‍ഷമെത്തിയത്. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷത്തിന്റെ വരവ് രണ്ട് ദിവസം മുമ്പാണ്. ഇത്തവണ കാലവര്‍ഷക്കാലത്ത് മഴയുടെ ശക്തികൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണിലെ മഴ തന്നെ അതിശക്തമാകാനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട്.
കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലയെന്നും, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page