ചെങ്കള: കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ കീഴിൽ ചെങ്കളയിൽ പ്രവർത്തിക്കുന്ന ഇ.കെ. നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ മികച്ചതും അത്യാധുനികവുമായ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച മെഡിക്കൽ ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്തു. ലാപ്രോസ്കോപ്പി മെഷീൻ ഉദ്ഘാടനം മുൻ എം.എൽ.എ എം. രാജഗോപാലൻ നിർവഹിച്ചു.ആശുപത്രിയിലെ ഇ.എൻ.ടി. വിഭാഗത്തിൽ അത്യാധുനിക ശസ്ത്രക്രിയകൾക്കും രോഗനിർണയത്തിനുമായി സ്ഥാപിച്ച ഫ്ലെക്സിബിൾ വീഡിയോ നാസോഫാരിംഗോസ്കോപ്പ്, സർജിക്കൽ മൈക്രോസ്കോപ്പ്, എം.എൽ.എസ്. സർജറി ഉപകരണങ്ങൾ, അനസ്തേഷ്യ വർക്ക് സ്റ്റേഷൻ എന്നിവയുടെയും ശ്വാസകോശ രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കും ഉപയോഗിക്കുന്ന ബ്രോങ്കോസ്കോപ്പ് മെഷീൻ, പൾമണറി ഫങ്ഷൻ ടെസ്റ്റ് മെഷീൻ, കേന്ദ്രീകൃത ഓക്സിജൻ വിതരണ യൂണിറ്റ് എന്നിവയുടെയും ഉദ്ഘാടനം ഡോ. കെ.കെ. യതീശൻ, ഡോ. ശ്രീകാന്ത് കക്കിലായ, ഡോ. പൂർണിമ ജെ., ഡോ. തെരേസ് മാത്യു, ഡോ. സമീർ എം.എസ്., ഡോ. ഉദാത് എം. എന്നിവർ നിർവഹിച്ചു. ആശുപത്രി സംഘം പ്രസിഡന്റ് പി. രഘുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സുമതി,ഡയറക്ടർമാരായ ടി. നാരായണൻ, ടി.എം.എ. കരീം, ഇ. പത്മാവതി, മുഹമ്മദ് നാസർ എന്നിവരും കെ.എം. മുഹമ്മദ് ഹനീഫ്, റഫീഖ് സിറ്റിസൺ നഗർ, ബാലരാജൻ കെ.വി, സംഘം സെക്രട്ടറി പ്രദീപ്.കെ എന്നിവരുംപ്രസംഗിച്ചു.ആശുപത്രി മാനേജർ അനൂപ് കുമാർ നന്ദി പറഞ്ഞു.







