ന്യൂദെല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം ജൂണ്‍ 4ന് അറിയിക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണത്തിനു ബി ജെ പിയും ഇന്ത്യ സഖ്യവും തയ്യാറെടുപ്പാരംഭിച്ചു. ജൂണ്‍ ഒന്നിന് ഏഴാംഘട്ടവും അവസാനഘട്ടവും തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബി ജെ പിക്കു 400ലധികം സീറ്റുകള്‍ ലഭിക്കുമെന്നു ബി ജെ പി അവകാശപ്പെടുന്നു. സീറ്റുകളുടെ എണ്ണം 400 കടക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടു. അതേസമയം ഫലപ്രഖ്യാപനത്തിനു ശേഷമുള്ള തയ്യാറെടുപ്പുകള്‍ രൂപപ്പെടുത്തുന്നതിന് ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) ജൂണ്‍ ഒന്നിനു 3 മണിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ വീട്ടില്‍ ഇന്ത്യ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടികളായ എ എ പി, സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍, ഡി എം കെ പാര്‍ട്ടികള്‍ യോഗം ചേരുന്നു. ബി ജെ പിയെ ഭരണത്തില്‍ നിന്നു പുറത്താക്കാന്‍ ഈ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായിരുന്നു.
