വൊര്‍ക്കാടി സ്വദേശിയായ യുവാവിന്റെ ദുരൂഹമരണം; ആര്‍.ഡി.ഒ അനുമതിയോടെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റുമോര്‍ട്ടം തുടങ്ങി

കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് ആര്‍.ഡി.ഒ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫോറന്‍സിക് സര്‍ജനും സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളും പള്ളിക്കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തിയിട്ടുണ്ട്.
വൊര്‍ക്കാടി മജീര്‍പ്പള്ളത്തെ ബദിയാറുവിലെ മുഹമ്മദിന്റെ മകന്‍ അഷ്റഫി(44)നെ മെയ് 6ന് രാവിലെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം കന്യാന, റഹ്‌മാനിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കുകയും ചെയ്തു.
എന്നാല്‍ ഈ സമയത്ത് മഹാരാഷ്ട്രയിലെ പൂനയിലായിരുന്ന സഹോദരന്‍ ഇബ്രാഹിം നാട്ടിലെത്തിയതോടെയാണ് സഹോദരന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. സംശയം കനത്തതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പരാതി പരിഗണിച്ച ജില്ലാ പൊലീസ് മേധാവി വിശദമായ അന്വേഷണത്തിന് മഞ്ചേശ്വരം പൊലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ സംഘവും പൊലീസും കന്യാനയിലെത്തി പ്രത്യേക പന്തലൊരുക്കിയാണ് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page