പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ് നൈല്‍ പനി മൂലമെന്ന് സ്ഥിരീകരണം; ജാഗ്രത നിർദ്ദേശം

പാലക്കാട്ടും വെസ്റ്റ് നൈല്‍ പനി മരണം. കാഞ്ഞിക്കുളത്ത് അറുപത്തിയേഴുകാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്നു സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഉറവിടം പരിശോധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കുന്നുണ്ടെന്നും ഡി.എം.ഒ. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ചതില്‍ നാല് പേരും രോഗമുക്തി നേടിയിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞദിവസം തൃശൂരില്‍ 79 വയസുള്ള രോഗിയും മരണപ്പെട്ടിരുന്നു. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്.
രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രോഗപ്പകര്‍ച്ചയുണ്ടാകുന്നതാകട്ടെ പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്കും. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page