ഹോസ്റ്റലിന്റെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവം; യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയിലുള്ള യുവതിയെ വിട്ടയച്ചാലുടന്‍ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. അതേസമയം ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പൊലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവീട്ടുകാരെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്.
ഞായറാഴ്ച രാവിലെ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു 23 വയസ്സുകാരി പ്രസവിച്ചത്. ആറു പേര്‍ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ഞായര്‍ രാവിലെ ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍, ഒപ്പമുണ്ടായിരുന്നവര്‍ വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page