60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി; രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 60 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിക്ക് അഗ്‌നിരക്ഷാ സേന രക്ഷകനായി. ചെങ്കള കോലാച്ചിയടുക്കം അബ്ദുല്‍ കബീറിന്റെ വീട്ടുപറമ്പിലെ നിര്‍മാണം നടക്കുന്ന കിണറിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മുകളിലേക്ക് കയറുന്നതിനിടെ 30 അടി ഉയരത്തില്‍ വച്ച് വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു. കര്‍ണാടക സ്വദേശി സുരേഷാ(26)ണ് അപകടത്തില്‍പ്പെട്ടത്. കിണറ്റിലേക്ക് വീഴുമ്പോള്‍ മണ്ണും വീണിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലെത്തി സംഘമാണ് ഒരു മണിക്കൂര്‍ പരിശ്രമത്തിനിടെ സുരേഷിനെ കിണറിന് പുറത്തെത്തിച്ചത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഉമ്മറാണ് കിണറിലിറങ്ങിയത്. ചെയര്‍നോട്ടിന്റെ സഹായത്തോടെ കിണറില്‍ ഇറങ്ങി പരിക്ക് പറ്റിയ ആളെ റസ്‌ക്യൂനെറ്റില്‍ കയറ്റി മുകളിലെത്തിക്കുകയായിരുന്നു. മുഖത്തും താടിയെല്ലിനും പരിക്കേറ്റതിനാല്‍ യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെവിന്‍രാജ്, ഡ്രൈവര്‍ മുഹമ്മദ് ഷഹദ്, ഹോംഗാര്‍ഡ് നാരായണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page