എലിവിഷം കഴിച്ച എസ്.ഐയുടെ നില അതീവ ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയിലായ എസ്.ഐയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയനെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് എസ്.ഐ വിജയന്‍ ക്വാര്‍ട്ടേഴ്സില്‍ വച്ച് എലിവിഷം കഴിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ച് വയര്‍ ക്ലീന്‍ ചെയ്തു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കടുത്ത മാനസികസമ്മര്‍ദ്ദമാണ് വിഷം കഴിക്കാന്‍ ഇടയാക്കിയതെന്നാണ് വിജയന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ എന്താണ് സമ്മര്‍ദ്ദത്തിന് കാരണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചികിത്സ തുടരുന്നതിനിടയിലാണ് വിജയന്റെ ആരോഗ്യ നില അതീവ ഗുരുതരമായതും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയതും. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ബേഡകത്തുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണച്ചുമതല എസ്.ഐ വിജയനായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമായിരിക്കാം വിഷം കഴിക്കാന്‍ ഇടയാക്കിയതെന്ന് സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരാനിരിക്കുന്നതേയുള്ളു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിന്മേലുള്ള കേസാണ് വിജയന്‍ അന്വേഷിച്ചിരുന്നത്.
എസ്.ഐ വിഷം കഴിക്കാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page