കാസര്‍കോട്: ചെറുവത്തൂരില്‍ അക്രമാസക്തനായ യുവാവ് പൊലീസ് വാഹനത്തിന്റെയും ആംബുലന്‍സും ഉള്‍പ്പെടെയുളള വാഹനങ്ങളുടെയും ചില്ലുകൾ അടിച്ചു തകര്‍ത്തു. അക്രമം കാണിച്ച പാലക്കാട്, മണ്ണാര്‍ക്കാട് സ്വദേശിയായ പി അന്‍ഷാദി (40)നെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചെറുവത്തൂര്‍ ഫ്‌ളൈ ഓവറിന്റെ ജോലി നടക്കുന്ന സ്ഥലത്താണ് അക്രമ സംഭവം. കാസര്‍കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാഹി, മഞ്ചക്കല്ലിലെ അനഖ് എസ് ഭാനുവിന്റെ കാറിനു നേരെയാണ് ആദ്യത്തെ അക്രമം ഉണ്ടായത്. പ്രകോപിതനായി ഇരുമ്പുവടിയുമായി എത്തിയ യുവാവ് കാർ തടഞ്ഞ് നിർത്തി ചില്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. പിന്നാലെത്തിയ കാറിന്റെ ചില്ലും സമാനമായ രീതിയിൽ തകര്‍ത്തു. സ്ഥലത്ത് നിര്‍ത്തിയ ആംബുലന്‍സിന്റെ ചില്ലും അടിച്ചു തകര്‍ത്തു. ഇതിനിടയില്‍ ആരോ വിവരം ചന്തേര പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. ഈ സമയത്ത് പൊലീസ് വാഹനത്തിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്‍ഷാദിനെതിരെ ചന്തേര പൊലീസ് രണ്ട് കേസുകളെടുത്തു.






