കാസര്‍കോട്: ഇക്കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന മടിക്കൈ മുന്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എ.മൊയ്തീന്‍ കുഞ്ഞി കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. മൊയ്തീന്‍ കുഞ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോണ്‍ഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൊയ്തീന്‍ കുഞ്ഞി കോണ്‍ഗ്രസ്സിലേക്ക് വീണ്ടും തിരിച്ചെത്തിയത്. കോണ്‍ഗ്രസിന്റെ സമരാഗ്നി യാത്രയ്ക്ക് ഫണ്ടു പിരിച്ചു നല്‍കിയില്ലെന്ന കാരണത്തില്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം വാഴക്കോട് നടന്ന എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ എന്‍.ഡി.എ നേതൃത്വത്തെ അമ്പരപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.
നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്സ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ഷാളണിയിച്ചു മൊയ്തീന്‍ കുഞ്ഞിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കെ.പി സി.സി സെക്രട്ടറി എം. അസിനാര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മഡിയന്‍ ഉണ്ണികൃഷ്ണന്‍, നീലേശ്വരം മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനന്‍, പി രാമചന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ ഇ. ഷജീര്‍, പ്രവീണ്‍ തോയമ്മല്‍, ടി. കുഞ്ഞികൃഷ്ണന്‍,
ഐ.എന്‍ ടി.യു.സി ജില്ലാ സെക്രട്ടറി വി.വി. സുധാകരന്‍, എന്നിവര്‍ പങ്കെടുത്തു







