അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം; സ്ഥാനത്തുനിന്ന് നീക്കാന്‍ ചട്ടമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ഈ വിഷയം കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹര്‍ജി തള്ളിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനും ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറയുമാണ് ഹര്‍ജി തള്ളിയത്.
ഡല്‍ഹി സ്വദേശയായ സുര്‍ജിത് സിങ് യാദവാണ് കെജ്രിവാളിനെതിരായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മുഖ്യമന്ത്രിക്ക് പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന കെജ്രിവാള്‍ എങ്ങനെയാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് അന്വേഷിക്കാനുളള നിര്‍ദ്ദേശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ ഇ ഡിക്ക് കോടതി സമയം നല്‍കിയിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനിത വ്യക്തമാക്കിയിരുന്നു. കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെജ്രിവാള്‍ ഷോ നടത്തുന്നുവെന്നും പ്രത്യേക ആനുകൂല്യം നല്‍കരുതെന്നും ഇഡി കോടതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page