കോട്ടയം: പൊന്‍കുന്നം, ചിറക്കടവില്‍ ഗൃഹനാഥന്‍ ഷേവ് ചെയ്യുന്നതിനിടയില്‍ ഇടി മിന്നലേറ്റു മരിച്ചു. കോടങ്കയം, കുമ്പ്‌ളാനിക്കല്‍ അശോകന്‍(55) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വീട്ടില്‍ ഷേവ് ചെയ്തു കൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യത ഉള്ളതായും അറിയിപ്പില്‍ പറഞ്ഞു.






